ഹൈദരാബാദ്:  ഫ്ലക്സ് വക്കാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്. അടുത്ത കാലത്ത് കണ്ട ഏറ്റവും രസകരമായ ഫ്ലെക്സിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴ. നഴ്സറി സ്കൂള്‍ റാങ്ക് ജേതാക്കളുടെ ഫ്ലെക്സുമായി സ്കൂള്‍ എത്തിയതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴ തുടങ്ങിയത്. വളരെ ചെറിയ പ്രായം മുതല്‍ കുട്ടികളില്‍ മത്സരബോധം, അപകര്‍ഷതാ ബോധവും വളര്‍ത്താനേ ഇത്തരം നടപടികള്‍ സഹായിക്കൂവെന്നാണ് ഉയരുന്ന വിമര്‍ശനം.

ഗരപതി എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ ഭാഗമായി ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന പ്രിയ ഭാരതി ഹൈസ്കൂളാണ് നഴ്സറി സ്കൂളിലെ റാങ്ക് ജേതാക്കളുടെ ചിത്രം ഫ്ലക്സ് അടിച്ചത്. എല്‍കെജി, യുകെജി വിദ്യാര്‍ത്ഥികളാണ് ഫ്ലക്സില്‍ വന്നത്. നഴ്സറി വിഭാഗത്തില്‍ 14 പേരും ഒന്നാം ക്ലാസില്‍ 9 പേരും എല്‍കെജിയില്‍ 11 പേരുമാണ് റാങ്ക് നേടിയത്. പാല്‍ കുടിച്ച് തീര്‍ത്തതാണോ ഇവര്‍ക്കായി റാങ്ക് നിര്‍ണയിക്കാന്‍ നടത്തിയ പരീക്ഷയെന്നാണ് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നത്.

ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ അമിത സമ്മര്‍ദ്ദത്തിലാക്കാനേ ഇത്തരം നടപടികള്‍ സഹായിക്കൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ പോയാല്‍ നഴ്സറി വിദ്യാര്‍ത്ഥികള്‍ റാങ്ക് കിട്ടാതെ ആത്മഹത്യ ചെയ്യുന്ന കാലം അകലെയല്ലെന്നാണ് പരിഹാസം. കുട്ടികളുടെ ബാല്യം നശിപ്പിക്കാനേ ഈ ശൈലി സഹായിക്കൂവെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.