തിരുവനന്തപുരം: നവമാധ്യമങ്ങളിൽ എപ്പോഴാണ് ഒരാൾ താരമായി മാറുന്നത് എന്ന് പ്രവചിക്കുക അസാധ്യമാണ്. പാട്ടു കൊണ്ടും എഴുത്ത് കൊണ്ടും നൃത്തം കൊണ്ടും അങ്ങനെ താരമായി മാറിയവർ അനവധി. അത്തരമൊരാളും അദ്ദേഹത്തിന്റെ പാട്ടുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി നവമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയുടെ തലക്കെട്ട് ഇപ്രകാരമാണ്. 'ശ്രീ കെ.ജെ യേശുദാസിന്റെ സഹോദരൻ, അടുത്തിടെ അന്തരിച്ച ജസ്റ്റിന്റെ ആലാപനം നോക്കുക' എന്ന്. ഇതിനൊപ്പമുള്ള വീഡിയോയിൽ താടി വച്ച മധ്യവയസ്കനായ ഒരു വ്യക്തി 'എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ...' എന്ന് തുടങ്ങുന്ന പാട്ട് അതിമനോഹരമായി പാടുന്നുണ്ട്.

ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് ഈ വീഡിയോ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുമ്പോൾ ഈ വീഡിയോയിലെ ഗായകൻ വൈക്കം തലയോലപ്പറമ്പ് വടയാർ സ്വദേശിയായ റോയ് ഇക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടേയില്ല. 'പാട്ട് നല്ലതാണെന്ന് പറഞ്ഞ് ധാരാളം പേർ വിളിക്കുന്നുണ്ട്. കുറച്ച് മുമ്പും ഒരാൾ  വിളിച്ച് വച്ചതേയുള്ളൂ. നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് സഹോദരിയും ഭർത്താവും മക്കളും കൂടി വീട്ടിൽ വന്നപ്പോൾ ഞാൻ പാടിയ പാട്ടാണ്. പെങ്ങളുടെ മോളുടെ ഭർത്താവാണ് പാട്ടിന്റെ വീഡിയോ എടുത്തത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും അവനാണ്. ഇത്രയും പേര് കേൾക്കുമെന്നോ വൈറലാകുമെന്നോ ഒന്നും കരുതിയില്ല. രണ്ട് മാസത്തോളമായി പാട്ട് കേട്ടിട്ട് ധാരാളം പേർ വിളിക്കുന്നുണ്ട്.' തലയോലപ്പറമ്പ് വടയാറിലെ വീട്ടിലിരുന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കവേ റോയ് പറഞ്ഞു.

"

'കുട്ടിക്കാലം മുതൽ പാട്ടിനോട് ഇഷ്ടമുണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ പാട്ടിന് സമ്മാനമൊക്കെ കിട്ടിയിട്ടുണ്ട്. വലിയ ട്രൂപ്പുകളിലൊന്നും പാടിയിട്ടില്ല. നാട്ടിലെ ചെറിയ ഗാനമേളകളിലൊക്കെ പാടും. അത്രയേയുള്ളൂ.' സമൂഹമാധ്യമങ്ങളി‍ൽ താൻ പാട്ടുകളൊക്കെ വൈറലായി, ആയിരക്കണക്കിന് ആളുകൾ ഷെയർ ചെയ്യുന്നതൊന്നും റോയിക്ക് അറിയില്ല. യേശുദാസിന്റെ അനിയൻ പാടുന്നു എന്ന പേരിലാണ് പാട്ടിന്റെ വീഡിയോ പ്രചരിക്കുന്നതെന്ന് പറഞ്ഞപ്പോൾ 'അയ്യോ അങ്ങനെയൊന്നും പറയല്ലേ, എനിക്ക് അദ്ദേഹത്തെ അറിയില്ല. എന്നാണ് റോയിയുടെ മറുപടി. എന്തായാലും റോയിയുടെ പാട്ട് സോഷ്യല്‍ മീഡിയആസ്വദകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് ലൈക്കുകളും അതിനേക്കാള്‍ ഷെയറുകളും ലഭിച്ചാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.