കുട്ടികൾ തന്നെ ചിത്രീകരിച്ച വീഡിയോ ഇന്നലെ മുതലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.

കൽപ്പറ്റ: അധ്യാപികയുടെ ജന്മദിനം ക്ലാസ് മുറിയിൽ വിപുലമായി ആഘോഷിച്ച് വിദ്യാർഥികൾ. ബത്തേരി കുപ്പാടി സ്കൂളിലെ വിദ്യാർഥികളാണ് അധ്യാപികയായ നീതു രാമകൃഷ്ണന്റെ ജന്മദിനം ​ഗംഭീരമാക്കിയത്. രണ്ട് വർഷമായി ഈ സ്കൂളിലെ അധ്യാപികയാണ് നീതു രാമകൃഷ്ണൻ. ഓണാവധിക്ക് സ്കൂൾ അടക്കുന്ന ദിവസമായിരുന്നു ടീച്ചറുടെ പിറന്നാൾ. സ്ഥലം മാറ്റം ലഭിച്ച ടീച്ചർ അവധി കഴിഞ്ഞാൽ ബീനാച്ചി സ്കൂളിലായിരിക്കും ജോലി ചെയ്യുക. തങ്ങളുടെ സ്വന്തം ടീച്ചർക്കുള്ള യാത്രയയപ്പ് കൂടിയായിരുന്നു പിറന്നാൾ ആഘോഷം. കുട്ടികൾ തന്നെ ചിത്രീകരിച്ച വീഡിയോ ഇന്നലെ മുതലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.

പതിവുപോലെയാണ് ക്ലാസിലേക്ക് ടീച്ചര്‍ എത്തിയത്. എന്നാല്‍, വിദ്യാര്‍ഥികളുടെ സ്വീകരണത്തില്‍ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് കാര്യം മനസ്സിലായി. മുഴുവന്‍ തയ്യാറെടുപ്പുകളോടെയായിരുന്നു വിദ്യാര്‍ഥികള്‍. ക്ലാസ് അലങ്കരിക്കുകയും കേക്ക് തയ്യാറാക്കുകയും ചെയ്തിരുന്നു. ബോര്‍ഡില്‍ ടീച്ചര്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഫ്ലക്സും പതിപ്പിച്ചു. വിദ്യാര്‍ഥികളുടെ സ്നേഹത്തില്‍ ടീച്ചര്‍ ഏറെ സന്തോഷിച്ചാണ് ക്ലാസ് വിട്ടത്.