ഇന്‍ഡോര്‍: പ്രിയപ്പെട്ടവരെ പിരിയുകയെന്നത് ഏറെ വേദനാജനകമാണ്. അത് മാതാപിതാക്കളോ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തോ മക്കളെയോ ആരെങ്കിലും ആകട്ടെ. പിരിയുകയെന്നത് ഏറെ വേദനിപ്പിക്കുന്നത് തന്നെ. അത്തരത്തില്‍ പിരിഞ്ഞുപോകുന്ന അധ്യാപകനെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടികളുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

എല്ലാവരുടേയും ജീവിതത്തില്‍ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു അധ്യാപകനെങ്കിലും ഉണ്ടായിരിക്കും. അത്തരത്തിലൊരു അധ്യാപകനായിരുന്നു മധ്യപ്രദേശിലെ തമലിയയിലെ മങ്കല്‍ ദീന്‍ പട്ടേല്‍. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ട്രാന്‍സ്ഫെറായ 30,000 അധ്യാപകരില്‍ ഒരാള്‍.

തങ്ങളുടെ പ്രിയപ്പെട്ട മാസ്റ്റര്‍ സ്കൂളില്‍ നിന്നും പോകുകയാണെന്ന് കേട്ടതോടെ കുട്ടികള്‍ക്ക് സഹിക്കാന്‍ സാധിച്ചില്ല. അവര്‍ അധ്യാപകനെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. ആരോ മൊബൈലില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.