സ്നേഹത്തോടെ ശകാരിക്കുകയും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തരികയും ചെയ്യുന്ന ഒരു പ്രിയപ്പെട്ട അധ്യപിക അല്ലെങ്കിൽ അധ്യാപകൻ എല്ലാവർക്കും ഉണ്ടാകും. അവരെ ഇന്നും ബഹുമാനത്തോടെ ഓർക്കുന്നവരാകും ഭൂരിഭാ​ഗം പേരും. അതുകൊണ്ടാകണം യുഎസിൽ നിന്നുള്ള ഒരു ടീച്ചറുടെ വീഡിയോ സമൂഹമാധ്യമങ്ങൾ ഇരുകയ്യും നീട്ടി സ്വാ​ഗതം ചെയ്തത്.

മോഷണം പോയ ഷൂവിന് പകരം കുട്ടികളെല്ലാം ചേർന്ന് പിരിവെടുത്ത് അധ്യാപകന് പുത്തനൊരു ഷൂ വാങ്ങി കൊടുക്കുന്ന വീഡിയോ ആണിത്. രണ്ടാഴ്ച മുമ്പാണ് അധ്യാപകന്റെ ബാസ്കറ്റ്ബോൾ ഷൂ സ്കൂളിൽ വച്ച് മോഷണം പോയത്. ഇതോടെ വിഷമത്തിലായ അധ്യാപകന് ഒരു കൂട്ടം വിദ്യാർത്ഥികൾ പണം സ്വരൂപിച്ച് പുതിയൊരു ഷൂ വാങ്ങി നൽകുകയായിരുന്നു.

കവറിൽ നിന്ന് ഒരു കത്തെടുത്ത് വായിക്കുന്നതും പിന്നാലെ ഷൂ കണ്ട അധ്യാപകൻ കരയുന്നതും വീഡിയോയിൽ കാണാം. ഏതാനും വിദ്യാർത്ഥികളും അധ്യാപകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. വിങ്ങിപ്പൊട്ടി കരയുന്ന അധ്യാപകനെ കുട്ടികൾ എല്ലാവരും ചേർന്ന് കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

എമ്മ മിച്ചൽ എന്ന വിദ്യാർത്ഥിനിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. "എന്റെ പ്രിയപ്പെട്ട അധ്യാപികന്റെ ഷൂ മോഷ്ടിക്കപ്പെട്ടു, അതിനാൽ, ഞാനും സഹപാഠികളും പണം സ്വരൂപിച്ച് അദ്ദേഹത്തിന് ഒരു പുതിയ ഷൂ വാങ്ങി നൽകി"- വീഡിയോ പങ്കുവച്ചുകൊണ്ട് എമ്മ മിച്ചൽ കുറിച്ചു.

വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കുട്ടികളെയും അധ്യാപകനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ 4.5 മില്യൺ ആളുകളാണ് വീഡിയോ കാണ്ടുകഴിഞ്ഞത്.