സെന്‍റ് ജോണ്‍സ് (കാനഡ): ഐസ് ഹോക്കി കളിക്കാന്‍ ആഗ്രഹിച്ച സിറിയന്‍ അഭയാര്‍ത്ഥി ബാലന് കാനഡ നല്‍കിയ സമ്മാനങ്ങള്‍ കണ്ട് അമ്പരന്ന് സമൂഹമാധ്യമങ്ങള്‍. യെമന്‍ എന്ന സിറിയന്‍ അഭയാര്‍ത്ഥി ബാലന്‍റെ ദീര്‍ഘനാളായുള്ള ആഗ്രഹമായിരുന്നു ഐസ് ഹോക്കി കളിക്കണമെന്നുള്ളത്. എന്നാല്‍ ഐസ് ഹോക്കിക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനുള്ള പണം കണ്ടെത്താന്‍ യെമന്‍റെ രക്ഷിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. യെമനെ കുറിച്ച്  മുഹമ്മദ്ലില എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവച്ച വിവരങ്ങള്‍ക്ക് ലഭിച്ച പ്രതികരണം കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍. 

അമ്മയ്ക്കും മൂന്ന് സഹോദരന്മാര്‍ക്കും ഒപ്പമാണ് മൂന്നാം ക്ലാസുകാരനായ യെമന്‍ സിറിയയില്‍ നിന്ന് കാനഡയില്‍ എത്തിയത്. കാനഡയിലെ സെന്‍റ് ജോണ്‍സ് നഗരത്തിലാണ് ഫാത്തിമ മക്കള്‍ക്കൊപ്പം അഭയം തേടിയെത്തിയത്. കാനഡയിലേക്ക് എത്താനുള്ള യെമന്‍റെ പിതാവിന്‍റെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. അറിയാത്ത നാട്ടില്‍ അഭയാര്‍ത്ഥികളായി എത്തിയ ശേഷം മക്കളെ പരിപാലിക്കാന്‍ അമ്മ ഫാത്തിമ നെട്ടോട്ടം ഓടുന്നതിന് ഇടയില്‍ മകന്‍റെ ഐസ് ഹോക്കി സ്വപ്നം കാണാന്‍ നിവര്‍ത്തിയുണ്ടായിരുന്നില്ല. കാനഡയില്‍ മഞ്ഞ് വീഴ്ച തുടങ്ങിയാല്‍ കുട്ടികളുടെ പ്രധാന വിനോദമാണ് ഐസ് ഹോക്കി. തെരുവുകളിലും മൈതാനങ്ങളുമെല്ലാം ഐസ് ഹോക്കി കളിക്കുന്ന കുട്ടികളെക്കൊണ്ട് നിറയുന്നവര്‍ക്കിടയില്‍ നിറഞ്ഞ കണ്ണുകളുമായി യെമന്‍ നിന്നിരുന്നു. 

എന്നാല്‍ മുഹമ്മദ്ലിലയുടെ ട്വീറ്റോടെ കാര്യങ്ങള്‍ മാറി. നിരവധിയാളുകളാണ് സഹായവുമായി എത്തിയത്. ഐസ് ഹോക്കി കളിക്കാനുള്ള മുഴുവന്‍ ഉപകരണങ്ങളും യെമന് വാങ്ങാന്‍ സഹായിച്ചതിനൊപ്പം സ്കേറ്റിംഗ് പരിശീലനം യെമന് നല്‍കാനും തയ്യാറായി നിരവധിയാളുകളാണ് മുന്നോട്ട് വന്നത്. തങ്ങള്‍ക്കൊപ്പം കളിക്കാനെത്തിയ യെമനെ അഭയാര്‍ത്ഥി കുട്ടിയാണെന്ന പേരില്‍ മാറ്റി നിര്‍ത്താതെ ഒപ്പം ചേര്‍ത്തു അവന്‍റെ തെരുവിലുള്ളവര്‍.