തിരുവനന്തപുരം: രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോ​ഗിക്കുന്നത് വർധിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടതിന് പിന്നാലെ ട്വിറ്ററിൽ ട്രെന്റിംഗായി തമിഴ്. അമിത് ഷായുടെ പ്രസ്താവന പുറത്തുവന്ന് മിനിറ്റുകൾക്കകം അരലക്ഷത്തിലേറെ പേരാണ് ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. സർദാർ വല്ലഭായ് പട്ടേലും മഹാത്മാ ​ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് തമിഴിനെ ഉയർത്തിക്കാട്ടി പ്രതിഷേധം ഉയർന്നിരിക്കുന്നത്.

ഒരു രാജ്യം ഒരു ഭാഷ എന്ന നയം നടപ്പിലാക്കണമെങ്കിൽ ഹിന്ദിക്ക് പകരം തമിഴ് ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാനാണ് നിർദ്ദേശം. 

2019ലെ കരട് വിദ്യഭ്യാസ നയത്തിൽ ഹിന്ദി ഭാഷാ പഠനം നിർബന്ധമാക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. ബംഗാൾ, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളി‍ൽ കരട് നയത്തിനെതിരെ വിവിധ പാർട്ടികൾ രംഗത്ത് വന്നിരുന്നു.