ചെന്നൈ: ഉള്ളിക്ക് വില കുതിച്ചുയരുന്നതിനിടയില്‍ സുഹൃത്തിന്‍റെ വിവാഹത്തിന് സമ്മാനമായി ഒരു കെട്ട് ഉള്ളി നല്‍കി യുവാക്കള്‍. തമിഴ്നാട്ടിലെ കടലൂരിലാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉറ്റചങ്ങാതിയുടെ വിവാഹത്തിന് വിലമതിക്കാനാവാത്ത സമ്മാനം നല്‍കിയത്. 180 ന് മുകളിലാണ് ഇന്ന് ഉള്ളി വില. 

സുഹൃത്തുക്കള്‍ വരനും വധുവിനും സമ്മാനം നല്‍കുന്നതിന്‍റെ ചിത്രങ്ങളും ഇപ്പോള്‍ വൈറലാകുന്നുണ്ട്. തമിഴ്നാട്ടില്‍ ഒരാഴ്ചയായി 150 മുതല്‍ 160 വരെയാണ് ഉള്ളി വില. ബംഗളുരുവില്‍ ഇത് 200 ആണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഉള്ളി വില പഴയനിലയിലാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി പറഞ്ഞു. 

ഉള്ളി സൗജന്യമായി നൽകി പുതിയ ബിസിനസ് മാര്‍ക്കറ്റിങ് തന്ത്രം പയറ്റുന്നവരുമുണ്ട് തമിഴ്നാട്ടില്‍. ഒരു കിലോ ഉള്ളിയാണ് കടയുടമ സൗജന്യമായി നൽകുന്നത്. എന്നാൽ, സൗജന്യമായി ഉള്ളി കിട്ടണമെന്നുണ്ടെങ്കിൽ അതിന് ചില നിബന്ധനകളൊക്കെയുണ്ട്. കടയിൽ നിന്ന് ഏതെങ്കിലുമൊരു കമ്പനിയുടെ മൊബൈൽ ഫോൺ വാങ്ങിക്കുന്ന ഉപഭോക്താവിന് മാത്രമെ ഒരു കിലോ ഉള്ളി സൗജനയമായി ലഭിക്കുകയുള്ളൂ. പുതുകോട്ടയിലെ തലയാരി തെരുവിലുള്ള എസ്ടിആർ മൊബൈൽസ് കടയാണ് പുതുപുത്തൻ ഓഫറുമായി എത്തിയിരിക്കുന്നത്.