കൊവിഡ് 19 ആഗോളവ്യാപകമായി പടര്‍ന്നുപിടിക്കുന്നതിനാല്‍ അംഗന്‍വാടി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്ത് അവധിയാണ്. മാര്‍ച്ച് 31 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതൊന്നുമറിയാതെ നഴ്‌സറിയില്‍ പോകണമെന്നും ടീച്ചറെ കാണണമെന്നും പറഞ്ഞ് കരഞ്ഞ് വാശിപ്പിടിക്കുന്ന കുഞ്ഞിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

'എനിക്ക് ടീച്ചറെ കാണണം' എന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് കുട്ടി. ടീച്ചറെ എങ്ങനെ കാണണം എന്ന് ചോദിക്കുമ്‌പോള്‍ നഴ്‌സറിയില്‍ പോകണമെന്നാണ് പറയുന്നത്. കുട്ടിയെ സമാധാനിപ്പിക്കാന്‍ അവധിയണെന്നൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ടെങ്കിലും അവള്‍ നിര്‍ത്താതെ കരയുകയാണ്. കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും പ്രതിനിധി ഇവിടിരുന്ന് വാവിട്ട് കരയുന്നുവെന്ന് അമ്മ കുഞ്ഞിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. അപ്പോഴും കുട്ടി കരഞ്ഞുകൊണ്ട് പോകുകയാണ്. 

കോളേജ് അടച്ചതിന് പിന്നാലെ കൊറോണയ്ക്ക് ജയ് വിളിച്ചുകൊണ്ടുള്ള ദില്ലി ഐഐടി വിദ്യാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ദിവസങ്ങള്‍ക്ക് മുമ്പാണ്. അന്ന് അവരെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ഈ കുഞ്ഞിന്റെ ടീച്ചറോടുള്ള സ്‌നേഹവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.