സിനിമാ പ്രേമികൾ വീണ്ടും വീണ്ടും കാണാൻ ആ​ഗ്രഹിക്കുന്ന ചിത്രമാണ്  മണിരത്നം സംവിധാനം ചെയ്ത റോജ. ഹിന്ദി, മറാഠി ,മലയാളം, കന്നട, തെലുഗു എന്നീ ഭാഷകളിലേക്ക് ഈ ചലച്ചിത്രം മൊഴിമാറ്റവും ചെയ്തിരുന്നു. ഇതിലെ പാട്ടുകളും ആരാധകർക്ക് മനഃപാഠമാണ്. പ്രത്യേകിച്ച് എആർ റഹ്മാൻ സം​ഗീതം നൽകിയ 'ചിന്ന ചിന്ന ആശൈ' എന്ന ​ഗാനം. ഈ പാട്ടിന്റെ ഹിന്ദി വെർഷന്‍ പാടുന്ന മൂന്നു വയസുകാരിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടിയിരിക്കുന്നത്.  

ഗായകൻ മാധവ് ബീന അഗർവാളിനൊപ്പമാണ് മകൾ വേദ അഗർവാൾ 'ഛോട്ടി സി ആശ' പാടുന്നത്. ഒരു പരിപാടിക്കിടെയാണ് അച്ഛൻ പാടുന്നതിനൊപ്പം വേദയും പങ്കുചേർന്നത്. മാധവ് ആദ്യം പാടുന്നതും എന്നാൽ തന്നെ പാടാൻ അനുവദിക്കണമെന്ന് പറഞ്ഞ് അച്ഛനെ പുറകിലോട്ട് തള്ളി നീക്കുന്ന വേദയെ വീഡിയോയിൽ കാണാം. ഓർക്കസ്ട്രക്കൊപ്പം അതിമനോഹരമായി പാടിയ വേദയെ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

മകളെ പുറകിൽ നിന്നുകൊണ്ട് മാധവ് സപ്പോർട്ടും ചെയ്യുന്നുണ്ട്. സോളോ ആയി തുടങ്ങിയ പാട്ട് പിന്നീട് അച്ഛനും മകളും ചേർന്ന് ഡുവറ്റാക്കി മാറ്റി. 15,000 ലധികം ലൈക്കുകളും 1.7 ലക്ഷം വ്യൂകളും ശേഖരിച്ച വേദയുടെ പാട്ട് അമ്മ മേഘ അഗർവാളും ട്വിറ്ററിൽ പങ്കിട്ടു."എന്റെ 3 വയസ്സുള്ള മകളും അവളുടെ അച്ഛനും ആദ്യമായി ഒരുമിച്ച് വേദി പങ്കിടുന്നു. ദയവായി അവളെ അനുഗ്രഹിക്കൂ"എന്നാണ് വീഡിയോ ഷെയർ ചെയ്തുകൊണ്ട് മേഘ കുറിച്ചത്.