"ഞാൻ എവിടെയായിരുന്നാലും തീ ആളിപ്പടരുന്നു" എന്ന അടിക്കുറിപ്പോടെയാണ് ഹുമൈറ ചിത്രം പങ്കുവച്ചത്...

ഇസ്ലാമാബാദ്: കാട്ടുതീയ്ക്ക് മുന്നിൽ നിന്ന് ടിക്ക് ടോക്ക് താരത്തിന്റെ വീഡിയോ. പാകിസ്ഥാൻ സോഷ്യൽ മീഡിയ താരം ഹുമൈറ അസ്ഗറാണ് തന്റെ ടിക് ടോക്ക് വീഡിയോയ്‌ക്കായി കാട്ടുതീയെ പശ്ചാത്തലമാക്കിയത്. സംഭവത്തിൽ വലിയ വിമ‍ർശനമാണ് താരത്തിനെതിരെ ഉയരുന്നത്. "ഞാൻ എവിടെയായിരുന്നാലും തീ ആളിപ്പടരുന്നു" എന്ന അടിക്കുറിപ്പോടെയാണ് ഹുമൈറ ചിത്രം പങ്കുവച്ചത്. കത്തുന്ന കുന്നിൻപുറത്തിന് മുന്നിൽ വെള്ളി നിറത്തിലുള്ള ഗൗൺ ധരിച്ചാണ് ദൃശ്യങ്ങൾ പക‍ർത്തിയിരിക്കുന്നത്. 

കത്തുന്ന മലയിൽ നിന്നുള്ള ദൃശ്യങ്ങൾക്കെതിരെ നിരവധി പേ‍രാണ് വിമ‍ർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. എന്നാൽ താൻ തീ കത്തിച്ചിട്ടില്ലെന്നും വീഡിയോകൾ നി‍ർമ്മിക്കുന്നതിൽ തെറ്റില്ലെന്നുമാണ് ഹുമൈറയുടെ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. വിമ‍ർശനങ്ങൾ കൂടിയതോടെ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

"ഇതൊരു ക്രിമിനൽ സ്വഭാവമാണ്" എന്നാണ് ചിലരുടെ പ്രതികരണം. വീഡിയോ പക‍ർത്തുന്നതിന് പകരം തീയണയ്ക്കാൻ ഒരു ബക്കറ്റ് വെള്ളം എടുക്കാമായിരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകയും ഇസ്ലാമാബാദ് വൈൽഡ് ലൈഫ് മാനേജ്‌മെന്റ് ബോർഡ് ചെയർപേഴ്‌സണുമായ റിന സയീദ് ഖാൻ സത്തി പറഞ്ഞു. ടിക് ടോക്കിൽ അസ്ഗറിന് 11 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.