Asianet News MalayalamAsianet News Malayalam

പത്മശ്രീ പുരസ്കാരം സ്വീകരിച്ച് ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോ​ഗതി; വൈറലായി വീഡിയോ

കർണാടക ജനപദ അക്കാദമിയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ ട്രാൻസ്ജെൻഡർ വ്യക്തിയാണ് മഞ്ജമ്മ ജോ​ഗതി. 

transgender folk dancer Manjamma Jogati received Padma Shri
Author
Delhi, First Published Nov 9, 2021, 10:37 PM IST

ദില്ലി: ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോ​ഗതി (Manjamma Jogati) പത്മശ്രീ ബഹുമതി (Padma Shri) സ്വീകരിച്ചു. കലാരം​ഗത്തിന് നൽകിയ സംഭാവനകളെ മാനിച്ചാണ് മഞ്ജമ്മക്ക് പത്മശ്രീ ലഭിച്ചിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന മഞ്ജമ്മയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ വൈറൽ താരം. രാഷ്ട്രപതി ഭവനിൽ വെച്ചാണ് പുരസ്കാരചടങ്ങ് നടന്നത്. വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി വൈറലാകുന്നത്. 

വീഡിയോ ദൃശ്യത്തിൽ മഞ്ജമ്മ രാഷ്ട്രപതിയുടെ സമീപത്തേക്ക് നടന്നുചെല്ലുന്നതും അദ്ദേഹത്തിനെ അനു​ഗ്രഹിക്കുന്നതും കാണാം. മഞ്ജമ്മ അദ്ദേഹത്തിന് ശുഭാശംസകൾ നേരുന്നതാണെന്ന് വീഡിയോ കണ്ടവരെല്ലാം പറയുന്നു. പിന്നീട് ഊഷ്മളമായ ഒരു ചിരിയോടുകൂടെ പുരസ്കാരം സ്വീകരിക്കുന്നു. മഞ്ജമ്മയുടെ ആശംസയെ സന്തോഷത്തോടെ സ്വീകരിച്ചുവെന്ന് രാഷ്ട്രപതിയുടെ ചിരിയിൽ നിന്നും മനസ്സിലാക്കാം. കർണാടക ജനപദ അക്കാദമിയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ ട്രാൻസ്ജെൻഡർ വ്യക്തിയാണ് മഞ്ജമ്മ ജോ​ഗതി. 

സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികളോട് പോരാടിയാണ്  ഇവരെത്തേടി പത്മ പുരസ്കാരമെത്തിയത്. മഞ്ജുനാഥ് ഷെട്ടി എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീടാണ്  മഞ്ജമ്മയായി മാറിയത്. കൗമാരത്തിലാണ് താൻ ഒരു സ്ത്രീയാണെന്ന് അവർ തിരിച്ചറിഞ്ഞത്. തുടർന്ന് യെല്ലമ്മ ദേവിയെ ആരാധിക്കുന്ന ക്ഷേത്രത്തിൽ കുടുംബാം​ഗങ്ങൾ ഇവരെ എത്തിച്ചു. ജോ​ഗപ്പ ട്രാൻസ്ജെൻഡർ സമൂഹം ഇവിടെയാണുള്ളത്. ഈ സമൂഹത്തിലെ അം​ഗങ്ങൾ യെല്ലമ്മ ദേവിയെ വിവാഹം കഴിച്ചവരായിട്ടാണ് കരുതുന്നത്. 

ദാരിദ്ര്യത്തിനും സാമൂഹിക ബഹിഷ്കരണത്തിനും അക്രമങ്ങൾക്കും ഇരയായി. ഈ പ്രതിസന്ധികളെയെല്ലാം നേരിട്ട്  ജോ​ഗതി കലാരൂപങ്ങൾ, നാടോടി സം​ഗീതം, മറ്റ് നൃത്തരൂപങ്ങൾ, ജനപദ ​ഗാനങ്ങൾ, സ്ത്രീദേവതകളെ സ്തുതിക്കുന്ന കന്നടഭാഷയിലെ ​ഗീതകങ്ങൾ ഇവയെല്ലാം അഭ്യസിച്ചു. ജോ​ഗപ്പ ട്രാൻസ്ജെൻഡേഴ്സിന്റെ നൃത്തമാണ് ജോ​ഗതി. 2006 ൽ കർണാടക ജനപദ അക്കാദമി അവാർഡ് ലഭിച്ചു. 13 വർഷത്തിന് ശേഷം, 2019 ൽ ജനപദ അക്കാദമി പ്രസിഡന്റായി. 2010 ൽ കർണാടക സർക്കാർ കന്നട രാജ്യോത്സവ പുരസ്കാരം നൽകി ആദരിച്ചു. ഈ വർഷത്തെ 7 പത്മവിഭൂഷൺ, 10 പത്മഭൂഷൺ,102 പത്മശ്രീ പുരസ്കാരങ്ങൾ എന്നിവ ഇന്ന് രാഷ്ട്രപതി സമ്മാനിച്ചു.   

 

 

Follow Us:
Download App:
  • android
  • ios