ദില്ലി: നൂറ്റാണ്ടിൽ അപൂർവമായി മാത്രം വരുന്ന വലയസൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ നിരാശ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ  ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹം ഒരു കൂളിംഗ് ഗ്ലാസും, സൂര്യഗ്രഹണം കാണുവാനുള്ള ഗ്ലാസും പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എന്നാല്‍ 
ദില്ലിയിൽ ഇന്ന് കനത്ത മൂടൽ മഞ്ഞായിരുന്നതിനാലും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലും മോദിക്ക് സൂര്യഗ്രഹണം കാണാനായില്ല. 

ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകൾ അടക്കം ഒരുക്കി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ആ നിരാശ പ്രധാനമന്ത്രി മറച്ചുവച്ചതുമില്ല.പക്ഷേ, കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും, അതിൽ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. എന്നാല്‍ ട്വീറ്റ് ചെയ്ത ചിത്രം ഒരു ട്രോള്‍ ആകാന്‍ സാധ്യതയുണ്ടെന്ന ട്വീറ്റ് റീട്വീറ്റ് ചെയ്ത് മോദി എല്ലാവരെയും അത്ഭുതപ്പെടുത്തി. ട്രോളുകള്‍ക്ക് സ്വാഗതം അത് അസ്വദിക്കൂ എന്നാണ് മോദി ട്വീറ്റ് ചെയ്തത്. 

ഈ ട്വീറ്റിന് ഇതുവരെ 27400 റീട്വീറ്റും, 1.47 ലക്ഷം ലൈക്കും ലഭിച്ചിട്ടുണ്ട്. എങ്കിലും മോദിയുടെ ഈ ചിത്രത്തിന് ട്രോളുകളുടെ കുറവ് ഒന്നും ഇല്ല.
സൂര്യഗ്രഹണം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉപയോഗിച്ച കണ്ണടയും അതിന്‍റെ വിലയുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലെ ചര്‍ച്ചാ വിഷയം. കണ്ണടയുടെ വില പറയുന്നവരുടെ എണ്ണം  സമൂഹമാധ്യമങ്ങളില്‍ കൂടുകയാണ്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ഇത് ഏറ്റെടുത്തതോടെ മോഡിയുടെ കോട്ടിന് പിന്നാലെ കണ്ണടയും തരംഗമാവുകയാണ്. 1.6 ലക്ഷം രൂപയാണ് ഈ കണ്ണടയുടെ വിലയെന്ന് വാദിച്ച് ഒട്ടേറെ പേര്‍ ട്വീറ്റും ചെയ്യുന്നുണ്ട്. 

രാഷ്ട്രീയ നിരീക്ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ധ്രുവും ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. 'പ്രധാനമന്ത്രി നരേന്ദ്രമോഡി 1.6 ലക്ഷം രൂപയുടെ സണ്‍ഗ്ലാസ്സ് ധരിച്ചതില്‍ എനിക്ക് വ്യക്തപരമായി പ്രശ്‌നങ്ങളൊന്നും ഇല്ല. പക്ഷെ അദ്ദേഹം സ്വയം ഞാനൊരു ഫക്കീര്‍ ആണെന്ന്  വിളിക്കുന്നത് നിര്‍ത്തണം.' ധ്രുവ് റാഠെ ഫേസ്ബുക്കില്‍ കുറിച്ചു. അതേ സമയം ബിജെപി അനുകൂലികള്‍ മോദിയെ പ്രതിരോധിച്ച് രംഗത്ത് എത്തി. ഇത് വ്യാജപ്രചരണമാണ് എന്നാണ് ഇവരുടെ വാദം.