കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് ഫോളേവേഴ്‌സിന് ഇടയ്ക്കിടയ്ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കുന്നയാളാണ് തരൂര്‍. അതുകൊണ്ടു തന്നെ തരൂരിന് പറ്റിയ തെറ്റ് ട്രോളന്മാര്‍ ആഘോഷമാക്കി.
ദില്ലി: കോണ്‍ഗ്രസ് നേതാവായ ശശി തരൂരിനെതിരെ ട്വിറ്ററില്‍ ട്രോളുകളോട് ട്രോളാണ് ഇപ്പോള്‍. ഇംഗ്ലീഷ് ഭാഷയില്‍ അഗ്രഗണ്യനായ തരൂരിന് പറ്റിയ ചെറിയൊരു തെറ്റാണ് ട്രോളന്മാര്‍ക്ക് ചാകരയായത്. അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കഫേയെ കുറിച്ച് തരൂര്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ചിരിയുണര്‍ത്തിയത്.
കൊച്ചിയില്‍ അടുത്തിടെ തുറന്ന ഒരു കഫേയുടെ പേരിന്റെ മലയാളത്തിലുള്ള അര്‍ത്ഥത്തെ തമാശരൂപേണ എടുത്തുകാട്ടാന്‍ ശ്രമിച്ചത്, തരൂരിന് തന്നെ പണികൊടുത്തിരിക്കുകയാണ്. അപ്പീറ്റോ എന്ന് പേരിട്ടിരിക്കുന്ന കഫേയെ മലയാളികള്‍ അപഹാസ്യമാക്കുന്നു എന്നായിരുന്നു ട്വീറ്റ്. ദക്ഷിണേന്ത്യന്‍ ഭാഷകളെ ഉത്തരേന്ത്യക്കാര്‍ അവഗണിക്കുന്നതിന്റെ ഫലമാണിതെന്നും അദ്ദേഹം കുറിക്കുന്നു. പേരില്‍ മലയാളികള്‍ അശ്ലീലം കണ്ടെത്തുന്നതിനാല്‍ ഹോട്ടലിലേക്ക് ആളുകള്‍ കയറുന്നില്ലെന്നും തരൂര്‍ പരിഭവപ്പെടുന്നു.
ഗുജറാത്തിനെ ഉത്തരേന്ത്യന്‍ സംസ്ഥാനമാണെന്നും ഇതേ ട്വീറ്റില്‍ പരാമര്‍ശിച്ചതോടെ, ട്രോളന്മാര്‍ക്ക് ഇരട്ടിമധുരമായി. ട്വീറ്റില്‍ അഹമ്മദാബാദ് തെറ്റായി എഴുതിയിരിക്കുന്നത് ഒട്ടും വൈകാതെ തന്നെ ട്വിറ്റര്‍ (ട്രോള്‍) ആര്‍മിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഗുജറാത്ത് ഉത്തരേന്ത്യയുടെ ഭാഗമല്ലെന്നും പശ്ചിമ ഇന്ത്യയാണെന്നും ചിലര്‍ ആരോപിച്ചതോടെ പരിഹാസങ്ങളുടെ സ്വഭാവം ഗൗരവകരമായി. ഉത്തരമെന്നും ദക്ഷിണമെന്നും ഇന്ത്യയെ വേര്‍തിരിക്കുന്നത് നിര്‍ത്തണമെന്ന ആവശ്യവുമായി പലരും രംഗത്തെത്തി.
എന്നാല്‍ കൊച്ചിയില്‍ ഇങ്ങനെയൊരു കഫേ തുറന്നിട്ടില്ലെന്ന് വെളിപ്പെട്ടതോടെ തരൂരിനെതിരെ ട്രോളുകള്‍ നിറഞ്ഞു. വാട്ട്‌സാപ്പ് ഫോര്‍വേഡായി വന്ന ഒരു സന്ദേശത്തെ, അതിന്റെ ആധികാരികത പോലും പരിശോധിക്കാതെ ശശി തരൂര്‍ എം.പി പങ്കുവെക്കുകയായിരുന്നുവെന്നാരോപിച്ച് രാഷ്ട്രീയ എതിരാളികളുടെ ആക്രമണവുമാരംഭിച്ചു. ട്വീറ്റില്‍ തരൂര്‍ ഉപയോഗിച്ചത് അഹമ്മദാബാദിലെ ഹോട്ടലിന്റെ ചിത്രമാണെന്നും വൈകാതെ ട്വിറ്റര്‍ ആര്‍മി കണ്ടുപിടിച്ചു.
ഇതിന് മുമ്പ് മഹാവീര്‍ ജയന്തി ആശംസകള്‍ നേര്‍ന്നപ്പോള്‍ ഗൗതമ ബുദ്ധന്റെ ചിത്രം ഉപയോഗിച്ചതിനാണ് തരൂരിന് അവസാനമായി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നത്.
