ന്യൂയോർക്ക്: കൈവിലങ്ങിനുള്ളിൽ കൈ കുടുങ്ങിയ സംഭവം ട്വീറ്റ് ചെയ്ത് ചിരിക്കുകയാണ് യുകെയിലെ ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ. കഴിഞ്ഞ ദിവസമാണ് പരിശീലനം നടത്തുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈ കൈവിലങ്ങിനുള്ളിൽ കുടുങ്ങിപ്പോയത്. ഒടുവിൽ അ​ഗ്നിശമന സേന ഉദ്യോ​ഗസ്ഥർ എത്തിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. 

ദിവസത്തിന്റെ നല്ല തുടക്കമായിരുന്നില്ല ഇത്. വിലങ്ങ് മുറിച്ച് എന്നെ രക്ഷപ്പെടുത്തിയതിന് നന്ദി നോർത്ത് ആന്റ്സ് ഫയർ. ഞാനും ഒരുപാട് ചിരിച്ചു. എന്ന കുറിപ്പോടെയാണ് മുറിച്ചു മാറ്റിയ വിലങ്ങിന്റെ ചിത്രമുൾപ്പെടെ ഇദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. നോർത്ത്ആംപ്റ്റൺഷയർ പൊലീസിലെ പരിശീലകനായ ഉദ്യോ​ഗസ്ഥന്റേതാണ് ട്വീറ്റ്. എങ്ങനെയാണ് കൈവിലങ്ങ് ഉപയോ​ഗിക്കുന്നത് എന്ന് മറ്റ് ഉദ്യോ​ഗസ്ഥർക്ക് പരീശീലനം നൽകുന്നതിനിടയിൽ കൈകൾ വിലങ്ങിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. 

ഓ​ഗസ്റ്റ് 18 നാണ് സംഭവം നടന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വിലങ്ങിൽ നിന്ന് കൈ സ്വതന്ത്രമാക്കാൻ ഇദ്ദേഹം ഫയർ സ്റ്റേഷൻ വരെ നടന്നു പോയി. പെഡൽ കട്ടറുകൾ ഉപയോ​ഗിച്ചാണ് വിലങ്ങ് അറുത്തുമാറ്റിയത്. നോർത്താംപ്ടൺഷെയർ ഫയർ ആന്റ് റെസ്ക്യൂ സർവ്വീസും തങ്ങളുടെ ട്വിറ്റർ‌ പേജിൽ ഈ സംഭവം പങ്കുവച്ചിട്ടുണ്ട്.