ലക്‌നൗ: മുതലയെ ബന്ദിയാക്കി ഗ്രാമീണര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് മോചനദ്രവ്യം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ മിദാനിയയിലാണ് രസകരമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. ഇതോടെയാണ് വെള്ളം കയറിയപ്പോള്‍ ഒരു മുതല ഗ്രാമത്തിലെ പൊതുകുളത്തിലേക്ക് ഒഴുകി എത്തിയത്. കുളത്തില്‍ മുതലയെ കണ്ട ഗ്രമീണര്‍ ഇതിനെ പിടികൂടി കരയില്‍ എത്തിച്ച് കെട്ടിയിട്ടു. 

എട്ടടിയോളം വരുന്ന മുതലയെ പുറത്തെടുത്തപ്പോള്‍ കാണുവാന്‍ നിരവധിപ്പേരാണ് സ്ഥലത്ത് എത്തിയത്. ഇതില്‍ ഒരാളാണ് ഒരു ആശയം മുന്നോട്ട് വച്ചത് മുതലയെ രക്ഷിക്കേണ്ടത് വനംവകുപ്പ് ഉദ്യോഗസ്ഥരാണ്, അതുകൊണ്ട് വിട്ടുകൊടുക്കാന്‍ അവരില്‍നിന്നു പണം ആവശ്യപ്പെടാമെന്ന്. മുതലയെ ബന്ദിയാക്കാനുള്ള തന്ത്രം നടപ്പാക്കിയ അവര്‍ വനം വകുപ്പ് കണ്‍സര്‍വേറ്ററെ വിവരം അറിയിച്ചു.

അന്‍പതിനായിരം രൂപ തന്നാലേ മുതലയെ വിട്ടയക്കൂ എന്നായിരുന്നു ഡിമാന്‍ഡ്. മുതല സംരക്ഷിത ജീവിയാണെന്നും അതിനെ പിടിച്ചുവയ്ക്കുന്നത് കുറ്റകരമാണെന്നും ഗ്രാമീണരെ ബോധ്യപ്പെടുത്താന്‍ മണിക്കൂറുകളെടുത്തെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ അനില്‍ പട്ടേല്‍ പറഞ്ഞു. 

എന്തു പറഞ്ഞിട്ടും ഗ്രാമീണര്‍ വഴങ്ങാതായപ്പോള്‍ ഒടുവില്‍ പൊലീസിനെ ഇടപെടുവിച്ചു. ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് പറഞ്ഞു മനസ്സിലാക്കി. ഗ്രാമീണരുടെ തടങ്കലില്‍നിന്നു മോചിപ്പിച്ച മുതലയെ ഘാഗ്ര നദിയില്‍ തുറന്നുവിട്ടു.