തിരുവനന്തപുരം: പ്രണയിക്കുന്ന ഹൃദയങ്ങളെ ഒരുമിപ്പിക്കുന്നതിനായി ശ്രമിച്ച് ഒടുവില്‍ പ്രണയത്തിനു വേണ്ടി തന്നെ ജീവന്‍ തൃജിച്ച സെന്‍റ് വാലന്‍റൈന്‍റെ ഓര്‍മ്മയിലാണ് വാലന്‍റൈന്‍സ് ഡേ പിറവിയെടുത്തത്. പ്രണയത്തോടൊപ്പം തന്നെ വിരഹവും പ്രണയനഷ്ടവും ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിട്ടും, ആത്മാര്‍ത്ഥമായി പ്രണയിച്ചിട്ടും മതത്തിന്‍റെയും ജാതിയുടെയും മറ്റ് വേര്‍തിരിവുകളുടെയും പേരില്‍ സ്വപ്നം കണ്ട ജീവിതം ലഭിക്കാതെ വരുന്ന കമിതാക്കളും ഏറെയാണ്.  

പ്രായപൂര്‍ത്തിയായ, പരസ്പരം ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന രണ്ട് പേരെ അകറ്റാനായി ശ്രമം ഉണ്ടായാല്‍ നിയമം കൊണ്ട് എങ്ങനെ അതിനെ മറികടക്കാം എന്ന് വിശദമാക്കുകയാണ്  കേരള ഹൈക്കോടതി അഭിഭാഷകനായ മുഹമ്മദ് ഇബ്രാഹിം അബ്ദുള്‍ സമദ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രണയിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നത്. 

'കാമുകനോ കാമുകിയോ, വീട്ടുതടങ്കലിലാലായാല്‍ ആദ്യം തന്നെ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ അന്യായമായി തടങ്കലില്‍ ആക്കപ്പെട്ടു എന്ന് പരാതി നല്‍കുക. പൊലീസുകാര്‍ നടപടിയെടുത്തില്ലെങ്കില്‍ തടങ്കലിലാക്കാന്‍ നേതൃത്വം നല്‍കിയ ആളെയും പൊലീസുകാരെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കൊടുക്കുക. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയയ്ക്കുന്ന കോടതി തടങ്കലിലാക്കപ്പെട്ട ആളെ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അന്യായമായി തടങ്കലില്‍ ആക്കപ്പെട്ടു എന്ന് കോടതിയില്‍ ഹാജരായ വ്യക്തി പറയുകയാണെങ്കില്‍ കോടതി അവരെ മോചിപ്പിക്കാന്‍ ഉത്തരവിടും അല്ലെങ്കില്‍ ഹര്‍ജി തള്ളിപ്പോകും'- മുഹമ്മദ് ഇബ്രാഹിം വിശദമാക്കുന്നു. 

പ്രായപൂര്‍ത്തിയായ ഏതൊരു ആണിനും പെണ്ണിനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഓണ്‍ലൈനായി എങ്ങനെ വിവാഹം രജിസ്റ്റര്‍ ചെയ്യാം എന്നും മുഹമ്മദ് ഇബ്രാഹിം വീഡിയോയില്‍ പറയുന്നു. ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിട്ടും അതിന് കഴിയാതെ വരുന്ന പ്രണയിതാക്കളെ പിന്തുണയ്ക്കാനാണ് വീഡിയോയിലൂടെ ലക്ഷ്യമിട്ടതെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായ വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.