ഒഡീഷ: പൈപ്പ് ലൈനിൽ കുടുങ്ങിക്കിടന്ന ആറ് പെരുമ്പാമ്പുകളെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ. ഒഡീഷയിലെ ധേൻകനാൽ ജില്ലയിലാണ് സംഭവം. പെരുമ്പാമ്പുകളെ ഉദ്യോ​സ്ഥർ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ‌ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഗോജപാത പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കുടിവെള്ളപൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പുകളെ കണ്ടെത്തിയത്. വെള്ളമില്ലാത്ത പൈപ്പിൽ ഒതുങ്ങികൂടിയ പാമ്പുകൾ വെള്ളം ഒഴുക്കിവിട്ടതോടെ പൈപ്പിനുള്ളിൽ കുടുങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദയാണ് പെരുമ്പാമ്പുകളെ രക്ഷപ്പെടുത്തുന്ന വീഡിയോ  ട്വിറ്ററിലൂടെ പങ്കുവച്ചത്.

രക്ഷപ്പെടുത്തിയ പാമ്പുകളിൽ 18 അടി നീളമുള്ള പെരുമ്പാമ്പ് ഉണ്ടായിരുന്നതായി നന്ദ ട്വീറ്റിൽ കുറിച്ചു. മറ്റ് പാമ്പുകൾക്ക് എട്ടുമുതൽ 16 അടി വരെ നീളമുള്ളമുണ്ടായിരുന്നുവെന്നും നന്ദ പറഞ്ഞു. ആറ് പൊരുമ്പാമ്പിനെയും അടുത്തുള്ള കാട്ടിലേക്ക് വിട്ടയച്ചു. അതേസമയം, പെരുമ്പാമ്പുകളെ അതിസാഹസികമായി രക്ഷപ്പെടുത്തി കാട്ടിലേക്കയച്ച വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ. ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും നല്ലൊരുകാര്യമാണ് ചെയ്തതെന്നും വീഡിയോയ്ക്ക് ആളുകൾ കമന്റ് ചെയ്തു.