പാമ്പുകൾ എന്ന് കേൾക്കുമ്പോൾ ഭൂരിഭാ​ഗം പേരുടെയും മുഖത്ത് ഭയം നിഴലിക്കും. അത് അടുത്തുകൂടെ ഒന്നിഴഞ്ഞാൽ മതി പിന്നെ ആ പ്രദേശത്തുകൂടി ആരും നടക്കില്ല. എന്നാൽ, പാമ്പൊക്കെ തനിക്ക് നിസാരമാണെന്ന രീതിയിൽ പെരുമാറുന്ന മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ഇങ്ങനെയല്ല മുത്തശ്ശി ഒരു മൂര്‍ഖനോട് പെരുമാറേണ്ടത്' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്. മുർഖന്റെ വാലിൽ പിടിച്ചുകൊണ്ട് വരുന്ന മുത്തശ്ശിയെ ആണ് 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ആദ്യം കാണാൻ സാധിക്കുന്നത്.

നടക്കുന്നതിനിടെ പാമ്പിനെ തന്റെ ശരീരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. പിന്നാലെ ആളെഴിഞ്ഞ പ്രദേശത്ത് എത്തി മൂർഖനെ വലിച്ചെറിയുകയും ഇവർ തിരിച്ച് പോകുകയും ചെയ്യുന്നു. ഷെയർ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ നിരവധി പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. മുത്തശ്ശിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് ഒട്ടേറെ പേർ രം​ഗത്തെത്തുകയും ചെയ്തു.