കൊൽക്കത്ത: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ ക്രൂരമായി ഉപദ്രവിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പശ്ചിമ ബം​ഗാളിലെ ഝാർഗ്രാം ഗ്രാമത്തിൽനിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. നാട്ടുകാരെ കണ്ട് ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ആനയുടെ വാലിൽ കടന്നുപിടിച്ചായിരുന്നു യുവാവിന്റെ പീഡനം.

കാടുകയറാനൊരുങ്ങിയ ആനയ്ക്ക് പിന്നാലെ യുവാവും ആനയുടെ വാലും വലിച്ചുപിടിച്ച് നടക്കുകയായിരുന്നു. ഇയാൾ വേദനിപ്പിച്ചിട്ടും പ്രതികരിക്കാതെ മുന്നോട്ടു നടന്ന് പോകാൻ ശ്രമിക്കുന്ന കാട്ടാനയെ ദൃശ്യങ്ങളിൽ വ്യക്തമാണ്. വടിയും മറ്റ് ആയുധങ്ങളുമായി ആനയുടെ മുന്നിലായെത്തുവരെയും വീഡിയോയിൽ കാണാം. ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ആനയെ ക്രൂരമായി ഉപദ്രവിക്കുന്നതിൽ നിന്ന് യുവാവിനെ പിന്തിരിപ്പിക്കുന്നതിന് പകരം ​ഗ്രാമത്തിലുള്ളവർ കയ്യടിച്ചും ആർപ്പുവിളിച്ചും അയാളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ അന്വേഷണം ആരംഭിച്ചു.