പട്ന:  ബിഹാറില്‍ കനത്ത മഴയും വെള്ളക്കെട്ടും തുടരുകയാണ്. സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ബിഹാറിലും ഉത്തര്‍പ്രദേശിലും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 129 പേരാണ് മരിച്ചത്. ഇതിനിടെ നെഞ്ചൊപ്പം വെള്ളമെത്തിയപ്പോള്‍ ഏകവരുമാനമാര്‍ഗമായ റിക്ഷ വെള്ളത്തില്‍ മുങ്ങിയത് കണ്ട് പൊട്ടിക്കരയുന്ന റിക്ഷാ തൊഴിലാളിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കണ്ണുനിറയ്ക്കുന്നത്. 

ബിഹാറിലെ അവസ്ഥ വ്യക്തമാക്കുന്ന വീഡിയോ സമീപത്തെ അപ്പാര്‍ട്മെന്‍റിന്‍റെ മുകളില്‍ നിന്ന് ചിത്രീകരിച്ചതാണ്. ആകെയുള്ള വരുമാനമായ റിക്ഷ വെള്ളത്തില്‍ ഉപേക്ഷിക്കേണ്ടി വരുമോയെന്ന ആശങ്ക മൂലമാണ് റിക്ഷാ തൊഴിലാളി കരയുന്നത്. റിക്ഷ വെള്ളക്കെട്ടില്‍ നിന്ന് വലിച്ചുകൊണ്ട് പോകാന്‍ ശ്രമിക്കുന്നതും സഹായം അഭ്യര്‍ത്ഥിക്കുന്നതും വീഡിയോയില്‍ കാണാം.