സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രമാണിത്. ഒരു ഒട്ടകവും പശുവും കഴുതയും കൂടി നടന്നു പോകുന്നു. അമേരിക്കയിലെ കൻസാസിൽ നിന്നാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തിയത്. എന്തിനാണ്, എങ്ങനെയാണ് ഇവർ മൂന്നുപേരും ഒന്നിച്ചായത് എന്ന ചോദ്യമാണ് ചിത്രം കണ്ട പലരും ചോദിച്ചത്. ​ഗോദ്ദാർദ്ദ് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത്. നിമിഷങ്ങൾക്കകം ചിത്രം സൈബറിടത്തിൽ ചർച്ചയായി. 

മൃ​ഗങ്ങളുടെ ഉടമയെ തിരിച്ചറിയാൻ സഹായിക്കണമെന്നും പൊലീസ് പോസ്റ്റിനൊപ്പം അഭ്യർത്ഥിച്ചിരുന്നു. പിന്നീട് ഇവർ മൂവരും തങ്ങളുടെ ഉടമയുടെ അടുത്ത് എത്തിച്ചേർന്നതായി അറിയാൻ കഴി‍ഞ്ഞു. ആയിരത്തിലധികം പേർ ഈ ഫോട്ടോ ഷെയർ ചെയ്തിരുന്നു. ക്രിസ്മസ് അടുത്ത് എത്താറായ സമയത്ത് അവർ തിരുപ്പിറവി അന്വേഷിച്ച് എത്തിയതാണോ എന്ന് രസകരമായ കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചു. അടച്ചിട്ട സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് തുറന്ന റോഡിലൂടെ ഇവർ നടന്നുപോയതാണെന്നും തൊട്ടടുത്ത് തന്നെയാണ് അവരുടെ ഉടമ താമസിച്ചിരുന്നതെന്നും പൊലീസ് പിന്നീട് വെളിപ്പെടുത്തി.