ദില്ലി: ഭാര്യയ്ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് മാറുകയും, ആറു മണിക്കൂറോളം വിമാന യാത്രയ്ക്കിടെ നിന്ന് യാത്ര ചെയ്ത ഭര്‍ത്താവിന്‍റെ ദൃശ്യങ്ങള്‍ വൈറലായി. കാലിയായ മൂന്നു സീറ്റുകളിലായി നീണ്ടുനിവര്‍ന്നുകിടന്ന് ഉറങ്ങുകയാണ് ഭാര്യ. അവളുടെ ഉറക്കത്തിന് തടസം വരാതിരിക്കാന്‍ എഴുന്നേറ്റ് മാറിനില്‍ക്കുകയാണ് ഭര്‍ത്താവ്. 'ഇതാണ് സ്‌നേഹം' എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചും ചിലര്‍ രംഗത്തെത്തി.

കോര്‍ട്ട്‌നീ ലീ ജോണ്‍സണ്‍ എന്നയാളാണ് ചിത്രം ആദ്യം ട്വീറ്റ് ചെയ്തത്. യാത്രയുടെ ദൂരപരിധിയെ കുറിച്ചോ, എവിടേക്കാണ് യാത്രയെന്നോ ഒന്നും തന്നെ പങ്കുവച്ചിരുന്നുമില്ല. ദമ്പതികളെ കുറിച്ചുള്ള വിവരവും ഇതില്‍ ഉണ്ടായിരുന്നില്ല. 'ഭാര്യയ്ക്ക് ഉറങ്ങാന്‍ ഇദ്ദേഹം ആറു മണിക്കൂര്‍ നില്‍ക്കുകയായിരുന്നു. ഇതാണ് സ്‌നേഹം' എന്നായിരുന്നു അടിക്കുറിപ്പ്. 

ഈ മാസം ആറിന് പങ്കിട്ട ഈ ചിത്രം 15,800 ലൈക്കുകളും 3,500 റീട്വീറ്റുകളും നേടി. ചിലര്‍ ആ ഭര്‍ത്താവിന്റെ ത്യാഗത്തെയും സ്‌നേഹത്തേയും പലരും പ്രശംസിച്ചു. എന്നാല്‍ ഇത് സ്‌നേഹമല്ല, ആ സ്ത്രീയുടെ സ്വാര്‍ത്ഥതയാണെന്നാണ് മറ്റു ചിലരുടെ  പ്രതികരണം. എന്തുകൊണ്ട് ആ സ്ത്രീക്ക് തന്‍റെ ശിരസ്സ് അദ്ദേഹത്തിന്റെ തോളില്‍ ചായ്ച്ച് ഉറങ്ങിക്കൂടാ? സ്‌നേഹം ഇപ്രകാരമല്ലെന്നും വിമര്‍ശകര്‍ പറയുന്നു.