തിരുവനന്തപുരം: വേദിക്ക് മുന്നിലിരുന്ന് നൃത്തച്ചുവടുകൾ കാണിച്ചു കൊടുത്ത ഒരു പെൺകുട്ടിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ താരം. എന്നാൽ ആരാണ് സ്റ്റേജിൽ കളിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമായിരുന്നില്ല. ആ ​ഗുരുവും ശിഷ്യയും ആരായിരുന്നെന്ന് സോഷ്യൽ മീഡിയ തന്നെ കണ്ടെത്തി പുറത്തെത്തിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ഇരിണാവ് ഹിന്ദു എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഹൈഫ അഷ്റഫും അനിയത്തിയും നഴ്സറി വിദ്യാർത്ഥിനിയുമായ റിസ ഹസനുമാണ് സോഷ്യൽ മീഡിയയുടെ ഇഷ്ടം പിടിച്ചെടുത്ത് താരങ്ങളായത്. ഹൈഫയുടെ മാതൃസഹോദരീപുത്രിയാണ് റിസ.

"

സ്കൂളിലെ ശിശുദിനാഘോഷങ്ങളോട് അനുബന്ധിച്ച് നഴ്സറി സ്കൂൾ വിദ്യാർത്ഥിനികൾക്കായി നടത്തിയ സിനിമാറ്റിക് ഡാൻസിൽ പങ്കെടുക്കുകയായിരുന്നു റിസ. ലക്ഷക്കണക്കിന് ആളുകളാണ് ചേച്ചിയുടെയും അനിയത്തിയുടെയും പ്രകടനങ്ങൾ ആസ്വദിച്ച് അഭിനന്ദിച്ചത്. വീഡിയോ കണ്ട പലരും ഹൈഫയെ അഭിനന്ദിക്കുക മാത്രമല്ല, നേരിട്ട് കണ്ട് സമ്മാനം നൽകാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

"