യുകെ: എപ്പോഴാണ് ശബ്ദം കേട്ടുതുടങ്ങിയതെന്ന് ചോദിച്ചാൽ നമുക്ക് ഒരു പക്ഷേ പറയാൻ സാധിച്ചെന്ന് വരില്ല. ആദ്യമായി ശബ്ദം കേട്ടപ്പോൾ എങ്ങനെയാണ് പ്രതികരിച്ചതെന്നും ഓർത്തെടുക്കാൻ സാധിക്കില്ല. എന്നാൽ ആദ്യമായി ശബ്ദം കേൾക്കുന്ന ഒരു നാലുമാസക്കാരിയുടെ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കേൾവിത്തകരാറുള്ള കുഞ്ഞിന് ശ്രവണസഹായി നൽകിയതിന് ശേഷമുള്ള സന്തോഷം കാണേണ്ടത് തന്നെയാണ്. 

യോർക്ക്ഷെയർ സ്വദേശിയായ പോൾ അഡിസൺ എന്നയാളാണ് നാലുമാസം പ്രായമുള്ള തന്റെ മകൾ ജോർജ്ജീനയുടെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയുടെ ശബ്ദം ആദ്യമായി കേൾക്കുന്നതിന്റെ മുഴുവൻ സന്തോഷവുമുണ്ട് ആ കുഞ്ഞുമുഖത്ത്. രാവിലെ എന്റെ മകളുടെ ഹിയറിം​ഗ് എയ്ഡ് ഓണാക്കുമ്പോൾ എന്നാണ് പോൾ ഈ വീഡിയോയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. കുഞ്ഞിന് കേൾവിശക്തിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ  മുതൽ ജോർജ്ജീനയെ ഹിയറിം​ഗ് എയിഡ് ധരിപ്പിക്കുന്നുണ്ട്.

ഏഴ് ലക്ഷം പേരാണ് ഇതുവരെ ട്വിറ്ററിൽ 23 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ കണ്ട് പ്രതികരണം അറിയിച്ചിരിക്കുന്നത്. മനോഹരമെന്നും ഹൃദയസ്പർശിയെന്നുമാണ് പലരും ഈ വീഡിയോയ്ക്ക് താഴെ പ്രതികരിച്ചിരിക്കുന്നത്. ജോർജ്ജീന വളരെയധികം സന്തോഷവതിയാണെന്ന് പോൾ പറയുന്നു.