മാംഗ്ലൂര്‍: 'ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍'. അതെ പ്രായം വെറും അക്കം തന്നെയാണ്. പ്രത്യേകിച്ച് കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുമ്പോള്‍ പ്രായത്തിന് സ്ഥാനമില്ല. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടിയപ്പോള്‍ തകര്‍പ്പന്‍ നൃത്തവുമായി വേദി കീഴടക്കിയ 70 കാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. 

മാംഗ്ലൂരിലെ സ്കൂളില്‍ ഒരേ ക്ലാസ്മുറിയില്‍ സന്തോഷവും സങ്കടവും പങ്കുവെച്ച് കടന്നുപോയ കാലം വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടുമെത്തുമ്പോള്‍ സന്തോഷം കൊണ്ട് മതിമറക്കുകയാണിവര്‍. നാന്തി ഫൗണ്ടേഷന്‍ സിഇഒ മനോജ് കുമാറാണ് മനോഹരമായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. സുഹൃത്തുക്കള്‍ ഒരുമിച്ച് ഇരിക്കുന്നതിനിടെ തന്‍റെ ഇഷ്ടഗാനം കേട്ടപ്പോള്‍ നൃത്തം ചെയ്യുന്ന സ്ത്രീയുടെ വീഡിയോ നിമിഷങ്ങള്‍ക്കകമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. നിരവധി ആളുകള്‍ അവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.