ടെക്സാസ്: കഴുത്തിലെ തുടല്‍ ലിഫ്റ്റില്‍ കുടുങ്ങി അപകടത്തില്‍പ്പെട്ട നായയെ രക്ഷിച്ചയാള്‍ക്ക് അഭിനന്ദനപ്രവാഹം. യുഎസിലെ ടെക്സാസില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ജോണി എന്നയാളാണ് കഴുത്തിലെ തുടല്‍ ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ നായയെ രക്ഷിച്ചത്.

ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് പോമറേനിയന്‍ നായയെ തുടലില്‍ കെട്ടി ഒരു യുവതി ലിഫ്റ്റിലേക്ക് കയറുന്നത് ജോണിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ലിഫ്റ്റ് എത്തിയ ഉടന്‍ യുവതി അകത്തേക്ക് കയറി. എന്നാല്‍ നായ കയറുന്നതിന് മുമ്പ് പെട്ടെന്ന് ലിഫ്റ്റിന്‍റെ വാതില്‍ അടഞ്ഞു. യുവതിയുടെ കയ്യിലായിരുന്നു നായയുടെ തുടല്‍. ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങിയ ജോണ്‍ ലിഫ്റ്റിന് വെളിയില്‍ നില്‍ക്കുന്ന നായയെ കണ്ട് പെട്ടെന്ന് അതിനെ കയ്യിലെടുത്ത് തൊടലഴിച്ച് വിട്ട് സ്വതന്ത്രമാക്കുകയായിരുന്നു. ഉടന്‍ തന്നെ ലിഫ്റ്റിന്‍റെ സ്വിച്ച് അമര്‍ന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ജോണി തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതിനോടകം തന്നെ ഏകദേശം ഒരു കോടി തൊണ്ണൂറ് ലക്ഷത്തോളം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. 

"