കലാപ്രകടനത്തിനിടെ ഇരുനില കെട്ടിടത്തിന്‍റെ ഉയരമുള്ള പോളില്‍ നിന്ന് വേദിയിലേക്ക് വീണിട്ടും പതറാതെ നൃത്തം പൂര്‍ത്തിയാക്കി കലാകാരി, വീഡിയോ വൈറല്‍.

ടെക്സാസ്: വേദിയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളില്‍ പതറാത്ത കലാകാരന്മാരെ പലപ്പോഴും കാണാറുണ്ട്. ഇച്ഛാശക്തിയും കലയോടുള്ള ആത്മാര്‍ത്ഥതയും കൈമുതലാക്കിയ ഇത്തരം ആളുകള്‍ക്ക് സോഷ്യല്‍ മീഡിയ നിറകയ്യടികള്‍ നല്‍കാറുമുണ്ട്. കലാപ്രദര്‍ശനത്തിനിടെ 15 അടി ഉയരത്തില്‍ നിന്ന് താഴേക്ക് വീണിട്ടും സമചിത്തതയോടെ സാഹചര്യത്തെ കൈകാര്യം ചെയ്ത ഡാന്‍സറുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ആളുകളുടെ ഉല്ലാസത്തിനായി നടത്തി വരുന്ന നിശാ ക്ലബ്ബുകള്‍ പോലെയുള്ള സ്ട്രിപ് ക്ലബ്ബിലെ രണ്ട് നില കെട്ടിടത്തിന്‍റെ ഉയരമുള്ള പോളിന്‍റെ മുകളില്‍ അഭ്യാസപ്രകടനം നടത്തുകയായിരുന്നു ജീനിയ എന്ന കലാകാരി. പ്രകടനത്തിനിടെ അപ്രതീക്ഷിതമായി ജീനിയയുടെ നിയന്ത്രണം വിട്ട് വേദിയിലേക്ക് പതിച്ചു. എന്നാല്‍ വീഴ്ചയുടെ ആഘാതത്തിലും ഇവര്‍ നൃത്തപ്രകടനം തുടര്‍ന്നു. 

ജീനിയയുടെ കലാപ്രകടനത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതോടെ വൈറലാകുകയായിരുന്നു. ജീനിയയുടെ മനോധൈര്യത്തെ അഭിനന്ദിച്ച് നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ രംഗത്തെത്തി. എന്നാല്‍ കലാകാരന്മാരുടെ സുരക്ഷയെപ്പറ്റി ആശങ്കയുണര്‍ത്തുന്നതിനും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഈ വീഡിയോ കാരണമായി. അതേസമയം നിരവധി ആളുകള്‍ തന്‍റെ ആരോഗ്യസ്ഥിതിയെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും പരിക്കുകള്‍ ഉണ്ടെങ്കിലും താനിപ്പോള്‍ സുഖമായി ഇരിക്കുന്നെന്നും ജീനിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. 

Scroll to load tweet…
View post on Instagram