ഓൺലൈനായി എന്ത് വേണമെങ്കിലും വാങ്ങിക്കാമെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. എന്നാൽ ഓൺലൈനായി വിവാഹ നിശ്ചയം നടത്താം എന്ന് കേൾക്കുമ്പോൽ എങ്ങനെ എന്നൊരു ചോദ്യം എല്ലാവരിലും നിന്നുണ്ടാകും. ആ ചോദ്യത്തിനുള്ള ഉത്തരമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വിവാഹനിശ്ച വീഡിയോ. വെറും വിവാഹനിശ്ചയമല്ല ഇത്, മറിച്ച് ഡിജിറ്റൽ വിവാഹ നിശ്ചയം എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. രാഹുൽ നിങ്കോട്ട് എന്നയാളാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വിവാഹ നിശ്ചയത്തിന്റെ ആചാരപരമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. ഓരോ മരപ്പലകയിലും ഓരോ മൊബൈല്‍ ഫോണുകള്‍, ഫോണിലെ വീഡിയോ കോളില്‍ യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങള്‍. ബന്ധുക്കളെന്ന് തോന്നിക്കുന്ന ചിലർ ചുറ്റും കൂടി നിൽക്കുന്നുണ്ട്. ചിലർ ചിരിയോടെയും മറ്റ് ചിലർ വളരെ ​ഗൗരവത്തിലുമാണ് ഈ ഓൺലൈൻ ചടങ്ങുകളെ വീക്ഷിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് വീഡിയോ കോൾ വഴിയുള്ള ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയം. ഗുജറാത്തി കുടുംബമാണ് ഇത്തരത്തില്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തി വൈറലായത്.

പ്രതിശ്രുധ വധുവും വരനും വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിവാഹനിശ്ചയ ചടങ്ങുകള്‍ പുരോഗമിക്കുകയായിരുന്നു. ആഭരണങ്ങളും വസ്ത്രങ്ങളും തറയിൽ നിരത്തി വച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. യഥാർത്ഥ അവസരത്തിൽ കാണിക്കുന്നത് പോലെ യുവതിയുടെ മുഖമുള്ള ഫോണില്‍ ചുവന്ന തിലകമണിയിക്കുന്നതും യുവതിയുടെ തലയിലെന്നപോലെ സ്ക്രീനിന്റെ മുകളിൽ  ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ച ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയ വിഡിയോ വന്‍തോതിലാണ് ഷെയര്‍ചെയ്യപ്പെടുന്നത്.