കുഞ്ഞുങ്ങളോട് നായ്ക്കുട്ടികൾക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. കുഞ്ഞുങ്ങളുടെ കൂടെ കുട്ടികളെപ്പോലെ കളിക്കാൻ കൂടുന്ന, കെട്ടിപ്പിടിച്ചുറങ്ങുന്ന നായക്കുട്ടികൾ വരെയുണ്ട്. ഒരു കുഞ്ഞുവാവയും അവന്റെ  പ്രിയപ്പെട്ട നായക്കുട്ടിയുമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലായിരിക്കുന്ന വീഡിയോയിലുള്ളത്. ഇടിമിന്നൽ കണ്ട് പേടിച്ച്, വീടിന്റെ മൂലയിലൊളിച്ചിരിക്കുകയാണ് നായ. സാരമില്ല പേടിക്കണ്ടെന്ന് പറഞ്ഞ് അടുത്ത് ചേർന്നിരുന്ന് ആശ്വസിപ്പിക്കുകയാണ് ഈ കുഞ്ഞുവാവ. വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇവരെ രണ്ടുപേരെയും ഏറ്റെടുത്തത്. 

ഡയപ്പറൊക്കെയിട്ടാണ് കുഞ്ഞുവിരുതന്റെ ഇരിപ്പ്. തഴുകി ആശ്വസിപ്പിക്കുന്നതിനൊപ്പം തന്നെ ഇടയ്ക്ക് കെട്ടിപ്പിടിക്കുന്നുമുണ്ട്. ഡയപ്പർ ഇട്ട ഹീറോ എന്നാണ് സോഷ്യൽ മീഡിയയിലുള്ളവർ ഈ കുഞ്ഞിനെ വിളിച്ചിരിക്കുന്നത്. നിരവധിപേരാണ് ലൈക്കും കമന്റും നൽകിയിരിക്കുന്നത്. അക്കി എന്നയാളാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.