ന്യൂ ഹാംപ്ഷെയര്‍: തടിമാടന്മാരായ രണ്ടുപൊലീസുകാരെ സ്റ്റേഷനുള്ളില്‍ തലങ്ങും വിലങ്ങും ഓടിച്ച് ഒരു അണ്ണാന്‍കുഞ്ഞ്.  അമേരിക്കയിലെ ന്യൂ ഹാംപ്ഷെയര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എങ്ങനെയോ പൊലീസ് സ്റ്റേഷനില്‍ എത്തിയ അണ്ണാന്‍കുഞ്ഞ് രണ്ടുപൊലീസുകാരെ ചുറ്റിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

അണ്ണാന്‍കുഞ്ഞിനെ പിടിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ ന്യൂ ഹാംപ്ഷെയര്‍ പൊലീസ് സ്റ്റേഷന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ആയുധധാരികളായ പൊലീസുകാര്‍ക്ക് പക്ഷേ അണ്ണാന്‍കുഞ്ഞ് പിടികൊടുത്തോയെന്നത് ദൃശ്യങ്ങളില്‍ വ്യക്തമല്ല.  പൊലീസ് സ്റ്റേഷനിലെ തന്നെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസുകാര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഓഫീസ് മുറിയില്‍ നിന്ന് പുറത്തേക്കോടി വന്ന അണ്ണാന്‍ കുഞ്ഞിനെ പിടിക്കാന്‍ ഹാളിലൂടെ ഓടുന്ന പൊലീസുകാരാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ അണ്ണാന്‍കുഞ്ഞ് സുരക്ഷിതനാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ സിസിടിവി ദൃശ്യങ്ങളോടൊപ്പമുള്ള കുറിപ്പ് വ്യക്തമാക്കുന്നത്.