ട്രീകളും കേക്കുകളും ഓക്കെ ഒരുക്കി ക്രിസ്മസിനെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ലോക ജനത. ക്രിസ്മസ് ആഘോഷങ്ങളിൽ ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത ആളാണ് പാപ്പമാർ. വെള്ളത്താടിയും ചുവന്ന കുപ്പായവും കുഞ്ഞിക്കണ്ണുകളും ഭാണ്ഡക്കെട്ടിൽ നിറയെ സമ്മാനങ്ങളുമായി എത്തുന്ന പാപ്പമാരെ എല്ലാവർക്കും പ്രിയമാണ്. പ്രത്യേകിച്ച് കുഞ്ഞു കൂട്ടുകാർക്ക്. അത്തരത്തിൽ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തി അഭയ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ സന്തോഷപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലി.

തന്റെ വിലപ്പെട്ട സമയത്തിനിടെയാണ് കുഞ്ഞു കൂട്ടുകാരെ കാണാൻ കോലി, പാപ്പായുടെ വേഷത്തിലെത്തിയത്. കൊൽക്കത്തയിലെ ഒരു അഭയ കേന്ദ്രത്തിലാണ് കുട്ടികൾക്ക് സർപ്രൈസുമായി ഇന്ത്യൻ ടീം നായകന്റെ കടന്നുവരവ്. സ്റ്റാർ സ്പോർട്സാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 

ഒരു മുറിയിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കുമ്പോഴായിരുന്നു "കോലി പാപ്പ"യുടെ എൻട്രി. ലൈറ്റ് ഓഫായി ഓണായതും പാപ്പ മണിയും കിലുക്കി കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. പാപ്പയെ കണ്ട കുട്ടികളുടെ മുഖത്ത് സന്തോഷവും അത്ഭുതവും മിന്നി മറയുന്നത് വീഡിയോയിൽ കാണാം. പിന്നാലെ, പാവകൾ, ചെരുപ്പുകൾ, ബാറ്റ്, ബോൾ, കേക്ക്, സൈക്കിൾ തുടങ്ങി നിരവധി സമ്മാനങ്ങൾ കോലി പാപ്പ കുട്ടികൾക്ക് കൈമാറുന്നുണ്ട്. 

ഒപ്പമുണ്ടായിരുന്ന ഒരാൾ കോലിയെ അറിയാമോ എന്ന് ചോദിച്ചപ്പോൾ അറിയാം എന്നായിരുന്നു കുട്ടികളുടെ മറുപടി. പിന്നെ ഒട്ടും താമസിച്ചില്ല പാപ്പയുടെ മുഖം‌മൂടി മാറ്റി  കോലി കുട്ടികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. അപ്രത്യക്ഷമായി കോലിയെ കണ്ട കുട്ടികൾ അത്ഭുതവും ആഹ്ലാദവും കൊണ്ട് അദ്ദേഹത്തെ കെട്ടിപിടിക്കുന്നതും കൈ കൊടുക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും കോലിയും കുട്ടികളുമായുള്ള കണ്ടുമുട്ടലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ താരമായി കഴിഞ്ഞു.