അമരാവതി: കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് നടത്തിയ ഒരു വിവാഹ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആന്ധ്രാപ്രദേശിലെ മുദിനെപള്ളി ഗ്രാമത്തിലായിരുന്നു ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുള്ള വിവാഹം. അതിഥികള്‍ക്ക് ഭക്ഷണം നൽകുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. 

ജൂലായ് 22നായിരുന്നു വിവാഹം. സാമൂഹിക അകലം പാലിച്ചുകൊണ്ട് നിരത്തിയ ഊണുമേശകളും പിപിഇ കിറ്റുധരിച്ച കാറ്ററിങ് ജീവനക്കാരെയും ദൃ‌ശ്യങ്ങളിൽ കാണാം. കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലുളള കോട്ടി കാറ്റേഴ്‌സാണ് വിവാഹ സദ്യയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. 150-200 പേർക്കുളള ഭക്ഷണം ഒരുക്കാനായിരുന്നു ഓർഡർ.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സദ്യയെന്ന നിർബന്ധത്തിന്റെ ഭാ​ഗമായാണ് കാറ്ററിങ് ജീവനക്കാർ പിപിഇ കിറ്റുകൾ ധരിച്ചെത്തിയതെന്ന് ആരോ​ഗ്യപ്രവർത്തകർ പറയുന്നു. ഭക്ഷണം വിളമ്പുന്നതിനായി 12 പേരാണ് പിപിഇ കിറ്റ് ധരിച്ചത്. ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇവരുടെ ശരീര താപനിലയും പരിശോധിച്ചിരുന്നു.  മാനദണ്ഡങ്ങൾ ഒന്നും തെറ്റിക്കാതെ തന്നെയായിരുന്നു വിവാഹവും.