തിരുവനന്തപുരം: "നമ്മുടെ തൊട്ടടുത്ത് അപകടം നടന്നിരിക്കുകയാണ്. ഒരു സ്‌കൂട്ടര്‍ യാത്രക്കാരനെ വണ്ടി തട്ടിയിട്ടിരിക്കുന്നു. അദേഹത്തിന് കാര്യമായ പ്രശ്‌നങ്ങളില്ല എന്ന് തോന്നുന്നു. എങ്കിലും അദേഹത്തെ സഹായിക്കേണ്ടതുണ്ട്"...ഇന്ന്(വെള്ളിയാഴ്‌ച) രാവിലെ ഏഷ്യാനെറ്റ് ന്യൂസില്‍ ഈ വാക്കുകളും ദൃശ്യങ്ങളും കണ്ടവര്‍ക്ക് ഒരിക്കലും ആ നിമിഷങ്ങള്‍ മറക്കാനാവില്ല. ലൈവ് റിപ്പോര്‍ട്ടിംഗിനിടെ തൊട്ടുപിന്നില്‍ വാഹനാപകടമുണ്ടായപ്പോള്‍ ഏറ്റവും സുപ്രധാന വാര്‍ത്തകള്‍ പോലും നിര്‍ത്തിവച്ച് അപകടത്തില്‍പ്പെട്ടയാളെ എഴുന്നേല്‍പിക്കാന്‍ ഓടിയെത്തുകയായിരുന്നു ഈ മാധ്യമപ്രവര്‍ത്തകന്‍. 

ഈ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ തല്‍സമയം കണ്ടവരുടെ മുഖത്ത് അപ്പോള്‍ ഒരാശ്വാസമായിരുന്നിരിക്കണം. പിന്നാലെ ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത് ഇതിന് സാക്ഷ്യം. സാമൂഹ്യമാധ്യമങ്ങളില്‍ കയ്യടിവാങ്ങുന്ന വീഡിയോയിലുള്ള മാധ്യമപ്രവര്‍ത്തന്‍ മലയാളിക്ക് സുപരിചിതനാണ്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം റീജിയനല്‍ എഡിറ്റര്‍ ആര്‍ അജയഘോഷ്. എന്നാല്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടെയുണ്ടായ അപൂര്‍വ സംഭവത്തിന്‍റെ ഞെട്ടലും ഓര്‍മ്മയെയും കുറിച്ച് ആര്‍ അജയഘോഷ് പറയുന്നത് ഇങ്ങനെ. 

'ഒന്ന് നടുങ്ങി, രണ്ട് പതിറ്റാണ്ടിനിടെ ഇതാദ്യം'

'സ്ഥലം, പേരൂര്‍ക്കടയില്‍ നിന്ന് നെടുമങ്ങാട് പോകുന്ന പാതയിലെ വഴയില. സമയം, രാവിലെ ഏഴേകാല്‍... രണ്ട് പതിറ്റാണ്ടോളം നീണ്ട മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ റിപ്പോര്‍ട്ടിംഗിനിടെ ഇത്രയടുത്ത് അപകടം നടക്കുന്നത് ഇതാദ്യമാണ്. അതിന്‍റെയൊരു ഞെട്ടലുണ്ടായിരുന്നു. ഒരു അപകടം മുമ്പില്‍ നടന്നാല്‍ ആരായാലും സഹായിക്കും. കൊവിഡ് കാലമായതിനാല്‍ പലരും വിമുഖത കാട്ടിയേക്കാം. ലൈവ് റിപ്പോര്‍ട്ടിംഗിടെ ആണെങ്കിലും അപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. അവരെ സഹായിക്കണമെന്ന് തോന്നി, ചെയ്തു. മുമ്പ് റിപ്പോര്‍ട്ടിംഗിനിടെ എകെജി സെന്‍ററിന്‍റെ മുമ്പില്‍ വച്ചൊക്കെ വാഹനാപകടത്തിന് സാക്ഷിയായിട്ടുണ്ട്. എന്നാല്‍ അപകടത്തില്‍പ്പെട്ടവരെ പിടിച്ചെഴുന്നേല്‍പിക്കുന്ന സംഭവം ആദ്യമാണ്'- അജയഘോഷ് പറഞ്ഞു.

തിരുവനന്തപുരത്ത് വെള്ളിയാഴ്‌ച രാവിലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൈവ് റിപ്പോര്‍ട്ടിംഗിനിടെയായിരുന്നു റിപ്പോര്‍ട്ടറുടെ തൊട്ടരികില്‍ വാഹനാപകടം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അടക്കമുള്ള സുപ്രധാന വാര്‍ത്തകളായിരുന്നു ലൈവില്‍ ആര്‍ അജയഘോഷ് റിപ്പോര്‍ട്ട് ചെയ്‌തുകൊണ്ടിരുന്നത്. ഈ സമയത്താകട്ടെ തലസ്ഥാനത്ത് ചെറിയ മഴയും. പെട്ടെന്നാണ് ശബ്ദത്തോടെ റിപ്പോര്‍ട്ടറുടെ തൊട്ടുപിന്നില്‍ മീറ്ററുകളുടെ മാത്രം അകലത്തില്‍ അപകടം നടക്കുന്നത്. 

 

ഓടിക്കൂടിയവര്‍ക്കെല്ലാം കയ്യടിക്കണം 

റോഡിന്‍റെ ഒരു ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാല്‍ ഗതാഗത ക്രമീകരണത്തിന്‍റെ ഭാഗമായി ഒരുവശത്തുകൂടി മാത്രമാണ് ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടിരുന്നത്. ഇതിനിടെ എതിര്‍ദിശയില്‍ വന്ന കാറും ബൈക്കും കൂട്ടിമുട്ടുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വീണയുടന്‍ ബൈക്കിന്‍റെ പിന്നില്‍ ഇരുന്നയാള്‍ ഓടിച്ചിരുന്നയാളെ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാല്‍ റിപ്പോര്‍ട്ടര്‍ അജയഘോഷും ഓടിയെത്തിയ മറ്റാളുകളും ചേര്‍ന്ന് അയാളെ എഴുന്നേല്‍പിച്ചു, ആശ്വസിപ്പിച്ചു.

പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേരെയും കാര്‍ യാത്രക്കാരന്‍റെ സഹായത്തോടെ ഓട്ടോയില്‍ കയറ്റി ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് കാലത്ത് മറ്റൊരും ആശങ്കയുമില്ലാതെ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ഓടിക്കൂടിയ സമീപത്തെ പെട്രോള്‍ പമ്പിലെ ആളുകളും മറ്റ് യാത്രക്കാരും കൂടി അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ഇതോടൊപ്പം സന്തോഷം നല്‍കുന്ന മറ്റൊരു കാര്യവുമുണ്ട് എന്നു ആര്‍ അജയഘോഷ് പറയുന്നു. 'ആശുപത്രിയില്‍ പിന്നീട് അന്വേഷിച്ചപ്പോള്‍ ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല എന്ന ആശ്വാസ വാര്‍ത്ത അറിയാനായി'. 

കാണാം വീഡിയോ