യുകെ: സാധാരണ എല്ലാ വെളളച്ചാട്ടവും താഴേയ്ക്കാണ് പതിക്കുന്നത്. മുകളിലേക്കുള്ള വെള്ളച്ചാട്ടം എന്ന് കേൾക്കുമ്പോൾ തന്നെ അവിശ്വസനീയത തോന്നും. എന്നാൽ അത്തരമൊരു കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടാലോ? അത്ഭുതം ഇരട്ടിയാകും. സ്‌കോട്ട്‌ലാന്‍ഡിലെ ക്യാമ്പ്‌സി ഫെല്‍സില്ലുള്ള ജെന്നീസ് ലം വെള്ളച്ചാട്ടത്തിലാണ് ഇത്തരമൊരു അപൂര്‍വ്വ പ്രതിഭാസം കാണാന്‍ കഴിഞ്ഞത്. അതിശക്തമായി വീശിയ കിയാര കൊടുങ്കാറ്റാണ് ഈ വെള്ളച്ചാട്ടത്തെ മുകളിലേക്ക് ഒഴുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ്റാണ്ടിലെതന്നെ ഏറ്റവും ശക്തിയേറിയ കാറ്റ് എന്നാണ് കിയാരയെ വിശേഷിപ്പിക്കുന്നത്. ചിമ്മിനിയില്‍ നിന്ന് പുക ഉയരുന്നത് പോലുണ്ടെന്നും പ്രകൃതിയുടെ പ്രതികാരമാണെന്നുമൊക്കെയാണ് വെള്ളച്ചാട്ടത്തിന്റെ വിഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

"

യുകെയിലും വടക്കന്‍ യൂറോപ്പിലും ശക്തിപ്രാപിച്ച കിയാര അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി എന്നീ രാജ്യങ്ങളിലും ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. വരും ദിവസങ്ങളില്‍ കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലണ്ടനിലെ നാഷണല്‍ വെതര്‍ ഏജന്‍സിയാണ് പുതിയ കൊടുങ്കാറ്റിന് കിയാര എന്ന പേര് നല്‍കിയത്. കാറ്റിനൊപ്പം കനത്ത മഴയും പ്രതീക്ഷിക്കുന്നതിനാല്‍ പ്രളയ മുന്നറിയിപ്പുമുണ്ട്.