നദീജലം മാലിന്യമുക്തമായതോടെ ഇവ തിരിച്ചെത്തുകയായിരുന്നു. കൊൽക്കത്തയിലെ ബാബുഘട്ടിലാണ് ഇവയെ കണ്ടെത്തിയത്.

കൊല്‍ക്കത്ത: ലോക്ക്ഡൗണ്‍ കാലത്ത് മലിനീകരണ തോത് കുത്തനെ കുറഞ്ഞതോടെ പല ജീവികളും നാട്ടില്‍ വീണ്ടും കാണുവാന്‍ തുടങ്ങിയ വാര്‍ത്തകള്‍ ഇപ്പോള്‍ സാധാരണമാണ്. ഇപ്പോഴിതാ വ്യവസായ ശാലകള്‍ അടച്ചിട്ടതോടെ മാലിന്യം കുറഞ്ഞ ബംഗാളിലെ ഹൂബ്ലി നദിയില്‍ ഒരു അതിഥി മുപ്പത് വര്‍ഷത്തിന് ശേഷം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഔദ്യോഗിക ജല ജീവിയായ ഗംഗ ഡോള്‍ഫിനാണ് ഈ അതിഥി.

നദീജലം മാലിന്യമുക്തമായതോടെ ഇവ തിരിച്ചെത്തുകയായിരുന്നു. കൊൽക്കത്തയിലെ ബാബുഘട്ടിലാണ് ഇവയെ കണ്ടെത്തിയത്. പരിസ്ഥിതി പ്രവർത്തകനായ ബിശ്വജിത് റോയി ചൗധരിയാണ് ശുദ്ധജല ഡോൾഫിനെ തിരിച്ചറിഞ്ഞത്. മലിനീകരണം കുറഞ്ഞതോടെ നഗരത്തിനു പുറത്തുകൂടി ഒഴുകുന്ന നദികളിലും ഇവ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ ഡോൾഫിൻ. 2009 ഒക്ടോബർ 5-നാണ് കേന്ദ്രസർക്കാർ ഗംഗാ ഡോൾഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. 2009 മുതൽ ആസാമിന്റെ ദേശീയ ജലജീവിയും ഈ ഡോൾഫിനാണ്. മനുഷ്യരുടെ അനാവശ്യ ഇടപെടലുകളും ജലഗതാഗതവുമൊക്കെ ഗംഗാ ഡോൾഫിനുകളെ ഇവിടെ നിന്നകറ്റാൻ കാരണമായി. ഇപ്പോള്‍ ആ കാര്യങ്ങളില്‍ ഇടവേള വന്നതോടെ കാര്യത്തില്‍ മാറ്റം വന്നു.