ബീജിംഗ്: ശുദ്ധവായു ലഭിക്കുന്നതിനായി വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറന്ന യുവതിയുടെ വീഡിയോയാണ് ചൈനയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. ചൈനയിലെ വുഹാന്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. ടേക്ക് ഓഫിന് സെക്കന്‍റുകള്‍ ശേഷിക്കെയാണ് യുവതി  വാതില്‍ തുറന്നത്. അതോടെ ഒരുമണിക്കൂറിലേറെ വിമാനം വൈകിയെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഷിയാമെന്‍ എയര്‍ ജെറ്റ് വിമാനത്തിന്‍റെ വാതിലാണ് തുറന്നത്. 

യുവതി എമര്‍ജന്‍സി വാതില്‍ തുറക്കുന്ന വീഡിയോ 18 ദശലക്ഷം ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടത്. പലരും തമാശ രൂപത്തിലാണ് കമന്‍റ് ചെയ്തത്. എന്നാല്‍, ടേക്ക് ഓഫിന് ശേഷമാണ് യുവതിക്ക് ശുദ്ധവായു ശ്വസിക്കാനുള്ള ആഗ്രഹമുണ്ടായതെങ്കില്‍ വലിയ അപകടമുണ്ടായേനെയെന്നും ആളുകള്‍ പറയുന്നു. സഹയാത്രികനാണ് യുവതി എമര്‍ജന്‍സി വാതില്‍ തുറക്കുന്ന ചിത്രം എടുത്തത്. ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.