റിയോ ഡി ജനീറോ: തടിയും വണ്ണവുമുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗത്തില്‍ പോകാന്‍ കഴിയില്ലെന്ന വിവാദ പ്രസ്താവന നടത്തിയ പുരോഹിതനെ സ്റ്റേജില്‍ നിന്നും  തള്ളിയിട്ട യുവതിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡയിയില്‍ വൈറലായിരുന്നു. 

മാര്‍സെലോ റോസിയെന്ന പുരോഹിതനെയാണ് അജ്ഞാതയായ യുവതി 50,000 ത്തിലേറെ കാണികളുടെ മുമ്പില്‍ വെച്ച് സ്റ്റേജില്‍ നിന്നും തള്ളിയിട്ടത്. ബ്രസീലില്‍ നിന്നുള്ള വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടും പ്രചരിച്ചു. കാണികള്‍ക്കിടയില്‍ നിന്നും സ്റ്റേജിലേക്ക് ഓടിക്കയറിയാണ് യുവതി പുരോഹിതനെ പുറത്തേക്ക് തള്ളിയിട്ടത്. ഉയരത്തില്‍ നിന്നും വീണെങ്കിലും പുരോഹിതന്  കാര്യമായ പരിക്കേറ്റിരുന്നില്ല. 

തടിയും വണ്ണവുമുള്ള സ്ത്രീകള്‍ സ്വര്‍ഗത്തില്‍ പോകില്ലെന്ന പുരോഹിതന്‍റെ വാക്കുകള്‍ കേട്ട് പ്രകോപിതയായാണ് യുവതിയുടെ പ്രതികരണമെന്നായിരുന്നു സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചത്. എന്നാല്‍ വീഡിയോയുടെ പിന്നിലെ സത്യം മറ്റൊന്നാണ്. 

യുവതി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായും അതാണ് ഇത്തരത്തിലൊരു പ്രവര്‍ത്തിയിലേക്ക് യുവതിയെ നയിച്ചതെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. 32 വയസ്സുകാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരാണ് യുവതിയുടെ രോഗത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

വീഡിയോ കാണാം