സാഹസികത നിറഞ്ഞ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൾ ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. മംഗളൂരു സ്വദേശിയായ രജനി ഷെട്ടി എന്ന യുവതിയാണ് വീഡിയോയിലെ താരം.

മുപ്പത് അടിയോളം ആഴമുള്ള കിണറ്റിലേക്ക് വീണ തെരുവുനായയെ രക്ഷപ്പെടുത്തിയാണ് രജനി കയ്യടി നേടിയിരിക്കുന്നത്. സ്വന്തം ജീവൻ പോലും പണയം വച്ച് നായയെ രക്ഷപ്പെടുത്തുകയായിരുന്നു രജനി. നായ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു.  സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ നായയുടെ കരച്ചില്‍ കേട്ട് കിണറിന്റെ അരികിലെത്തി. നായയെ രക്ഷപ്പെടുത്താന്‍ കുട്ടികൾ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ഒരു രാത്രി മുഴുവന്‍ കിണറ്റില്‍ കിടന്ന നായയെ പിറ്റേ ദിവസമാണ് വിവരം അറിഞ്ഞെത്തിയ രജനി രക്ഷപ്പെടുത്തിയത്. ശരീരത്തില്‍ കയറ് കെട്ടി യുവതി കിണറ്റില്‍ ഇറങ്ങി. തുടര്‍ന്ന് നായയെ മറ്റൊരു കയറില്‍ കെട്ടി. കരയില്‍ നിന്നവര്‍ നായയെയും പിന്നീട് രജനിയേയും കരയിലേക്ക് വലിച്ചുകയറ്റുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

പ്രദേശത്തുണ്ടായിരുന്ന ആരോ ആണ് സംഭവം മൊബൈലിൽ പകർത്തിയത്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് രജനിയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്.