തൃശൂര്‍: പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. കേരള കേഡറില്‍ ജോലി ആരംഭിച്ചതു മുതല്‍ എറണകുളത്ത് സമരക്കാരെ തല്ലിയൊതുക്കിയതും ശബരിമലയിലെ സ്പെഷ്യല്‍ ഡ്യൂട്ടിയുമെല്ലാം യതീഷ് ചന്ദ്രയെ ഒന്നിന് പുറകെ ഒന്നായി വിവാദത്തിലാക്കി.

ശബരിമല സീസണില്‍ യുവതീ പ്രവേശന വിധിയും പ്രളയവും കണക്കിലെടുത്ത് പൊലീസ് ഒരുക്കിയ നിയന്ത്രണങ്ങളും നിലക്കല്‍‍ മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്കുള്ള വാഹന നിയന്ത്രണമവും അടക്കം എല്ലാ കാര്യങ്ങളിലും യതീഷ് ചന്ദ്ര പഴികേട്ടു.

കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറി, ഹൈക്കോടതി ജഡ്ജിയെ തടഞ്ഞു തുടങ്ങിയ വിവാദങ്ങളും യതീഷ് ചന്ദ്രയെ വിവാദങ്ങളില്‍ മുക്കി. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷ കെപി ശശികലയെ നിലക്കലില്‍ തടഞ്ഞു നിര്‍ത്തിയതായിരുന്നു മറ്റൊരു സംഭവം.

എന്നാല്‍, ശബരിമല സീസണില്‍ ഏറെ പഴികേട്ട യതീഷ് ചന്ദ്ര തൃശ്ശൂര്‍ പൂരം അറിഞ്ഞ് ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തൃശ്ശൂര്‍ പൂരത്തിനെത്തിയാല്‍ എല്ലാവരും പൂരം മോഡ് ഓണ്‍ ചെയ്യുമെന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച ഒരു കമന്‍റ്.

പൂരാവേശത്തോടൊപ്പം ആര്‍പ്പോ വിളിച്ചും പൂരത്തിനെത്തിയവരുടെ കൈക്കടിച്ച് ആവേശം പങ്കുവച്ചും പൂരത്തിന്‍റെ ഭാഗമാകുന്ന യതീഷ് ചന്ദ്രയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ഈ ദൃശ്യം. 

വീഡിയോ കാണാം