മുംബൈ: മാഹാരാഷ്ട്രയിലെ വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ഗണേശ ചതുര്‍ത്ഥി. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത്തവണ വിഗ്രഹ നിമ്മജ്ജന ഘോഷയാത്രയടക്കമുള്ളവ ഉപേക്ഷിച്ചതിനാല്‍ പലരും വീടുകളില്‍ തന്നെയാണ് ആഘോഷിക്കുന്നത്. ഒരു കൂട്ടം യുവാക്കൾ ചേർന്ന് അരയേക്കര്‍ പാടത്ത് സൃഷ്ടിച്ചെടുത്ത ഗണപതിയുടെ കൂറ്റന്‍ ചിത്രമാണ് ഇപ്പോൾ സാമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

മഹാരാഷ്ട്രയിലെ സോലാപൂരിലുള്ള ബെയ്ല്‍ ഗ്രാമത്തിലാണ് ഈ സൃഷ്ടി. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചാണ് അരയേക്കര്‍ കൃഷിയിടത്തിലെ പച്ചപ്പ് പ്രയോജനപ്പെടുത്തി യുവാക്കൾ ചിത്രം ആലേഖനം ചെയ്തത്. ബാബാ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ദേവ് എന്ന് പേരുള്ള ട്വിറ്റര്‍ പേജിലാണ് ചിത്രത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു മാസത്തോളമെടുത്താണ് യുവാക്കള്‍ ചിത്രം രൂപപ്പെടുത്തിയത്. 

പ്രകൃതിയോടിണങ്ങി സൃഷ്ടിച്ച ഈ കലാ വിരുതിനെ സാമൂഹിക മാധ്യമങ്ങള്‍ ഇരുകൈയും നീട്ടിയാണ്സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പലരും വീഡിയോക്ക് താഴെ ഗണപതി ബപ്പ മോറിയ എന്ന് എഴുതിയാണ് കലാകാരന്‍മാരെ അഭിനന്ദിക്കുന്നത്.