ന്യുഡല്‍ഹി: കശ്മീരില്‍ കല്ലെറിയുന്നവര്‍ക്കെതിരെ യുവാവിനെ മനുഷ്യകവചമാക്കിയ സൈനിക ഓഫീസറെ അഭിനന്ദിച്ച് വീരേന്ദര്‍ സേവാഗ്. യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് കൊണ്ടു പോയ മേജര്‍ നിതിന്‍ ഗോഗോയിയെയാണ് സേവാഗ് ട്വിറ്ററിലൂടെ അഭിനന്ദിച്ചത്. സൈനികരെ സംരക്ഷിക്കുന്നതിന് അഭിനന്ദനമായ പ്രവര്‍ത്തിയാണ് ഗോഗോയി ചെയ്തതെന്ന് സേവാഗ് ട്വീറ്റ് ചെയ്തു. കശ്മീരിലെ കല്ലേറ് തടയുന്നതിന് യുവാവിനെ മനുഷ്യകവചമാക്കിയ ഗോഗോയിയ്ക്ക് സൈന്യത്തിന്റെ അഭിനന്ദനം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സേവാഗ്, ഗോഗോയിയെ അഭിനന്ദിച്ചത്.

ഏപ്രില്‍ 9നായിരുന്നു സംഭവം. ഫറൂഖ് അഹമ്മദ് ദര്‍ എന്ന കശ്മീരി യുവാവിനെയാണ് മേജര്‍ ഗോഗോയി ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കിയത്. കല്ലേറ് പ്രതിഷേധക്കാരെ തടയുന്നതിനാണ് യുവാവിനെ ഒഫീസര്‍ മനുഷ്യകവചമാക്കിയത്. സംഭവം വന്‍ വിവാദമായിരുന്നു. 53 രാഷ്ട്രീയ റൈഫിള്‍സില്‍ ഉദ്യോഗസ്ഥനാണ് മേജര്‍ ഗോഗോയി. ഗൊഗോയിയുടെ നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇദ്ദേഹത്തിനെതിരെ സൈന്യം പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് സൈന്യത്തിന്‍റെയും സെവാഗിന്‍റെയും അഭിനന്ദനം.