റിയാദ്: സ്പോണ്‍സര്‍ മരിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ കുടുങ്ങിയ രണ്ട് ഹരിയാന സ്വദേശികള്‍ നാടുകടത്തല്‍ കേന്ദ്രം വഴി നാട്ടിലേക്ക് മടങ്ങി. പൊതുപ്രവര്‍ത്തകരും, ഇന്ത്യന്‍ കോണ്‍സുലേറ്റും ഇടപെട്ടാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴി ഒരുക്കിയത്. നാല് മാസം മുമ്പാണ് സുരേന്ദ്രസിംഗും അനൂപ്‌ സിംഗും സൗദിയിലെത്തുന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാന്‍പവര്‍ സപ്ലൈ കമ്പനിവഴി രണ്ട് മാസത്തെ താല്‍ക്കാലിക വിസയിലെത്തിയ ഇവര്‍ക്ക് യാമ്പുവില്‍ അരാംകൊയുടെ ഓഫ്ഷോറില്‍ ആയിരുന്നു ജോലി. 

രണ്ട് മാസം മുമ്പ് കോണ്ട്രാക്റ്റ് അവസാനിച്ചു. വിസയുടെ കാലാവധിയും തീര്‍ന്നു. പക്ഷെ ഇരുവര്‍ക്കും നാട്ടിലേക്ക് മടങ്ങാനായില്ല. ഇതിനിടെ സ്പോണ്‍സര്‍ മരണപ്പെട്ടതാണ് കാരണം. സ്പോണ്‍സര്‍ ഇല്ലാതെ ഫൈനല്‍ എക്സിറ്റ് ലഭിക്കില്ല. ഇതോടെ ഇരുവരും സഹായം തേടി തൊഴില്‍ കോടതിയെയും ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും സമീപിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വിഷയത്തില്‍ ഇടപെട്ടു. 

സൗദി തൊഴില്‍ കോടതി കേസിന് വിളിച്ചപ്പോള്‍ കമ്പനി പ്രതിനിധികള്‍ ഹാജരായില്ല. അവസാനം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നിര്‍ദേശപ്രകാരം പൊതുപ്രവര്‍ത്തകനായ ശങ്കര്‍ എളങ്കൂര്‍ വഴി ഇവര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തി. ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നും ലഭിച്ചു. കമ്പനി ടിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് ഇവരുടെ ടിക്കറ്റ്‌ എടുത്തത്. ഇന്ന് രാവിലെ ഇരുവരും ജിദ്ദയില്‍ നിന്നും ദില്ലിയിലേക്ക് മടങ്ങി.