കാസര്‍കോട്: തിങ്ങി നിറഞ്ഞ പുരുഷാരവത്തിന് നടുവിലേക്ക് വിഷ്ണു മൂര്‍ത്തിയുടെ നരസിംഹ അവതാരമായി എത്തിയത് പതിനഞ്ച് വയസുകാരന്‍. ബിരിക്കുളം പൊടവടുക്കം ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിലാണ് പത്താം ക്ലാസുകാരന്‍ വിഷ്ണുദത്തന്‍ നരസിംഹ മൂര്‍ത്തിയായി നാട്ടുകാര്‍ക്ക് അനുഗ്രഹ വര്‍ഷത്തിനെത്തിയത്. ബിരിക്കുളത്തെ കളിയാട്ട കാവില്‍ അച്ഛനും തെയ്യം കലാകാരനുമായ വേണുവിന്റെ സഹയാത്തിനെത്തിയ വിഷ്ണുദത്തന് നിനച്ചിരിക്കാതെയാണ് വിഷ്ണു മൂര്‍ത്തിയുടെ കോലം അണിയാനുള്ള ഭാഗ്യം കൈവന്നത്. ക്ഷേത്രത്തിലെ ആദ്യദിനത്തില്‍ വിഷ്ണുദത്തനോട് തെയ്യകൊലമണിയാന്‍ അവശ്യ പ്പെട്ടപ്പോള്‍ ഈ കൊച്ചു തെയ്യം കലാകാരന്‍ അത് ശിരസാവഹിക്കുകയായിരുന്നു.

എളമ്പച്ചി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥിയായ വിഷ്ണുദത്തന്‍ ആദ്യമായാണ് തെയ്യ കൊലമണിയുന്നത്. പേരിനെ പോലെ തന്നെ വിഷ്ണുദത്തന് വിഷ്ണു മൂര്‍ത്തിയാവാന്‍ കഴിഞ്ഞു. വിഷ്ണുദത്തന്‍ എന്നാല്‍ വിഷ്ണുവിന് ഉണ്ടായതെന്നര്‍ത്ഥം. അഞ്ച് വയസ് തൊട്ട് കാവുകളിലും ക്ഷേത്രങ്ങളിലും നടന്നും കണ്ടും കേട്ടും പഠിച്ചാണ് വിഷ്ണുദത്തന്‍ തെയ്യം സായാത്തമാക്കിയത്. ഉത്തര കേരളത്തിലെ പ്രസ്ത തെയ്യം കലാകാരന്‍ വേണുവിന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകനാണ് വിഷ്ണുദത്തന്‍.