കാസര്‍കോട്: അര്‍ദ്ധരാത്രിയില്‍ വിഷ്ണുമൂര്‍ത്തി തെയ്യം കമ്മാടം കാവെന്ന കൊടുംകാട്ടിലേക്ക് ഓടിയത് മൂന്ന് കിലോമീറ്റര്‍ ദൂരം. അതും വെട്ടമോ വെളിച്ചമോ ഇല്ലാതെ. കല്ലുകളും മുള്ളുകളും നിറഞ്ഞ ഇടവഴിയിലൂടെ കാല്‍ ചിലമ്പ് പോലുമില്ലാതെയാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം നിറവേറ്റിയത്.
വടക്കന്‍ കേരളത്തിലെ തെയ്യാട്ട കാവുകളില്‍ പ്രസിദ്ധമായ കാസര്‍കോട് കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ വ്യാഴ്ച്ച പുലര്‍ച്ചെയാണ് വിഷ്ണുമൂര്‍ത്തി തെയ്യം അരങ്ങിലെത്തിയത്. അണിയറയില്‍ നിന്നും കോലധാരി ക്ഷേത്രമുറ്റത്തെ ചടങ്ങുകള്‍ക്ക് ശേഷം വിഷ്ണു മൂര്‍ത്തിയാവുന്നു. തുടര്‍ന്ന് ഉടവാളും വില്ലും ശരവും കൈയിലേന്തി ആരൂഢ സ്ഥാനമായ കാവിലേക്ക്. കൈ കൂപ്പിനിന്ന ഭക്തമനസുകള്‍കിടയിലൂടെ വിഷ്ണു മൂര്‍ത്തിയായി മൂന്ന് കിലോമീറ്റര്‍ ദൂരം അങ്ങോട്ടും ഇങ്ങോട്ടും ഓടി നാടിന് ഐശ്വര്യവും സാമാധാനവും നല്‍കിയനുഗ്രഹിക്കുന്നു.
ക്ഷേത്രമതില്‍ കെട്ടുവരെ സഹായികള്‍ അനുഗമിച്ചെങ്കിലും കമ്മാടം വയലിലെ ചിലമ്പൂരി കല്ലില്‍ വിഷ്ണുമൂര്‍ത്തിയുടെ കാല്‍ച്ചിലമ്പ് അഴിച്ചുവെച്ചതോടെ കാവിലേക്ക് തെയ്യത്തിന് മാത്രമേ പോകുവാന്‍ പാടുള്ളു. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാര അനുഷ്ടാനമാണിത്. വിഷ്ണുമൂര്‍ത്തി തെയ്യം അരങ്ങിലെത്തുന്ന തലേദിവസം ക്ഷേത്ര മേല്‍ശാന്തിയും. കോലധാരിയും ഭാരവാഹികളും നാട്ടുകാരും അടങ്ങുന്ന സംഘം കാവിലെത്തി ഇളനീര്‍ കല്ലില്‍ അഞ്ച് ഇളനീര്‍ ചെത്തി മിനുക്കി കൊടിയിലയില്‍ വയ്ക്കും. ഈ ഇളനീരില്‍ രാത്രി കാവിലെത്തുന്ന തെയ്യക്കാരന്‍ ഒരെണ്ണം കല്ലില്‍ ഉടയ്ക്കുകയും ബാക്കി നാലെണ്ണം അരയാടയില്‍ എടുത്തുവെച്ചു തിരികെ ക്ഷത്രത്തിലെത്തി ശ്രീകോവിലിന് മുന്നില്‍ ഉടയ്ക്കുന്നതോടെ ചടങ്ങുകള്‍ തീരുന്നു.
അറുപത് ഏക്കര്‍ വിസ്തൃതിയിലുള്ള കാവിലെത്തി വിഷ്ണു മൂര്‍ത്തി തെയ്യം ഇളനീരെടുത്തു തിരികെ എത്താന്‍ രണ്ടര മണിക്കൂര്‍ നേരമാണ് സമയമെടുത്ത്. ഇതുവരെയും ചിലംബൂരി കല്ലിനടുത്ത് വച്ച് കാവില്‍ പോയ തെയ്യത്തെയും കാത്ത് തെയ്യക്കാരന്റെ സഹായികള്‍ ഓല ചൂട്ടുമായി കാത്തു നില്‍ക്കും. കാലത്തിന്റെ കുത്തൊഴുക്കില്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും മണ്‍മറയുമ്പോള്‍ കമ്മാടം കാവിലെ കളിയാട്ടം പാരമ്പര്യത്തെ പിന്തുടരുന്നു. തെയ്യം കലാകാരന്‍ ബിരിക്കുളം സ്വദേശി വേണുവാണ് ഇത്തവണത്തെ കോലധാരി.
