കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രവേശന ഫീസ് ഇരട്ടിയാക്കിയതില്‍ പ്രതിഷേധം കനക്കുന്നു. നേരത്തെ അഞ്ചുരൂപയുണ്ടായിരുന്ന സന്ദര്‍ശക പാസാണ് പത്തുരൂപയാക്കിയത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. 

ബിജെപിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും. ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് കമ്മറ്റി(എച്ച്ഡിസി)യാണ് രഹസ്യമായി ഫീസ് ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്. ആദ്യം ഉണ്ടായിരുന്ന അഞ്ചുരൂപയുടെ പാസില്‍ അഞ്ച് രൂപ എന്നെഴുതിയത് വെട്ടി പത്താക്കുകയായിരുന്നു. ദിനം പ്രതി നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന മെഡിക്കല്‍ കോളേജില്‍ ഇതുവഴി വലിയ ഫണ്ട് സമാഹരണമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. 

പ്രതിഷേധം ഭയന്ന് ആദ്യം സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലാണ് പ്രവേശന ഫീസ് വര്‍ധിപ്പിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാത്തെ നടത്തിയ വര്‍ധന, ഇപ്പോള്‍ പ്രധാന അശുപത്രിയിലേക്കും വ്യാപിപ്പിച്ചു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, ലീഗ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എച്ച്ഡിസിയില്‍ അംഗങ്ങളാണ്. മുമ്പ് കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ ഒപി ടിക്കറ്റിന് ഫീസ് വര്‍ധിപ്പിച്ചപ്പോള്‍ യുവജനസംഘടനകള്‍ രംഗത്ത് വരാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദഫലമാണ് ഇതിന് പിന്നില്ലെന്നാണ് ആക്ഷേപം.