ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ നിന്നും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രത്തിലെ തല ഭാഗം വെട്ടിമാറ്റിയ നിലയിലാണ്.

കാസര്‍കോട്: ഈ മാസം 29 ന് കാസര്‍കോട് എത്തുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.രാധാകൃഷ്ണന്‍ നായരാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജില്ലയുടെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ നിന്നും ഉപരാഷ്ട്രപതിയുടെ ചിത്രത്തിലെ തല ഭാഗം വെട്ടിമാറ്റിയ നിലയിലാണ്.

കേന്ദ്ര കേരള സര്‍വ്വകലാശാലയാണ് ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനര്‍ത്ഥം ചെറുവത്തൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള സ്ഥലങ്ങളില്‍ ഉപരാഷ്ട്ര പതി വെങ്കയ്യ നായിഡുവിന്റെ ചിത്രം അടങ്ങിയ ബോര്‍ഡ് വെച്ചത്. ഇതില്‍ മഞ്ചേശ്വരത്തും കാസര്‍കോടും കാഞ്ഞങ്ങാടും സ്ഥാപിച്ച ബോര്‍ഡുകളാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ഉപരാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമായ പ്രവര്‍ത്തി ചെയ്തവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് സര്‍വ്വകലാശാലാ രജിസ്ട്രാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കാസര്‍കോട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഇതിനിടയിലാണ് പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നത്.