തിരുവനന്തപുരം: വിഴിഞ്ഞം എ.ജി റിപ്പോര്‍ട്ടിനെതിരായ പരാതിയെ തുടര്‍ന്ന് അക്കൗണ്ടന്റ് ജനറലിനെയും റിപ്പോര്‍ട്ട് തയ്യറാക്കിയ ഉദ്യോഗസ്ഥരെയും സി.എ.ജി വിളിപ്പിച്ചു. റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കൂടാതെ അഡിഷണല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗീസും സി.എ.ജിക്ക് പരാതി നല്‍കി. റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ക്ക് ഗൂഡ ഉദ്ദേശ്യമെന്നാണ് ജയിംസ് വര്‍ഗീസ് വ്യക്തിപരമായ നല്‍കിയ പരാതിയിലെ ആരോപണം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കൂടാതെ വ്യക്തിപരമായിട്ടാണെങ്കിലും തുറമുഖ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയും കത്ത് നല്‍കിയതോടെ വിഴിഞ്ഞം സി.എ.ജി റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള വിവാദം കനത്തു. കൊളംബോ അടക്കമുള്ള തുറമുഖങ്ങള്‍ മല്‍സരിക്കാനുള്ളപ്പോള്‍ വിഴിഞ്ഞം തുറമുഖത്തെ തകര്‍ക്കുന്ന മട്ടിലാണ് റിപ്പോര്‍ട്ടെന്ന് ജയിംസ് വര്‍ഗീസ് ആരോപിക്കുന്നു. ഗൂഡ ഉദ്ദേശ്യത്തോടെ തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുനപരിശോധിക്കണമെന്നാണ് ജയിംസ് വര്‍ഗീസിന്റെ ആവശ്യം.
എ.ജി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാനെത്തിയെങ്കിലും അവസരം കിട്ടിയില്ലെന്നാണ് പരാതി. ഉദ്യോഗസ്ഥരുടെ വിശദീകരണം കേള്‍ക്കാതെയാണ് എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇല്ലാതിരുന്ന പല കാര്യങ്ങളും അന്തിമ റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചു . എ.ജിയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൂര്‍ണമായും തെറ്റാണ്. ഇവയെല്ലാം അക്കമിട്ട് ഖണ്ഡിച്ചാണ് ജയിംസ് വര്‍ഗീസ് പരാതി നല്‍കിയത്.
22 പേജുള്ള പരാതിയാണ് സി.എ.ജിക്ക് നല്‍കിയത്. ഇതേ തുടര്‍ന്ന് സി.എ.ജിയുടെ ഓഫിസില്‍ നിന്ന് ജയിംസ് വര്‍ഗീസിനോട് വിവരങ്ങള്‍ ആരാഞ്ഞു. സി.എ.ജി ശശികാന്ത് ശര്‍മയ്ക്ക് ഉമ്മന്‍ ചാണ്ടിയും കത്ത് നല്‍കിയിട്ടുണ്ട്. തുറമുഖ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന് കുറ്റപ്പെടുത്തലാണ് ഉമ്മന്‍ ചാണ്ടിയുടെ പരാതിയിലുള്ളത്.
വിഴിഞ്ഞം കരാറിനെതിരെ നിരന്തരം ലേഖനമെഴുതിയ ഉദ്യോഗസ്ഥനെ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കണ്‍സല്‍ട്ടന്റാക്കിയെന്ന പരാതി രണ്ടു പരാതികളിലുമുണ്ട്. എ.ജിയുടെ കണ്ടെത്തലുകള്‍ വസ്തുതാ വിരുദ്ധമെന്ന് ജുഡിഷ്യല്‍ അന്വേഷണം തുടങ്ങാനിരിക്കെ നല്‍കിയ പരാതിയില്‍ പറയുന്നു.
