ഓഖി ചുഴലിക്കാറ്റും പാറയുടെ ലഭ്യത കുറവും നിർമ്മാണത്തിന് തടസ്സമുണ്ടാക്കിയെന്നാണ് മന്ത്രിയുടെ വിശദീകരണം.

തിരുവനന്തപുരം: നേരത്തെ പ്രഖ്യാപിച്ച പോലെ വിഴിഞ്ഞം തുറമുഖപദ്ധതി ആയിരം ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം രേഖാമൂലം നിയമസഭയെ അറിയിച്ചത്.

1460 ദിവസം കൊണ്ട് പദ്ധതി പൂർത്തിയാക്കാമെന്നാണ് വിഴിഞ്ഞം കരാറില്‍ പറയുന്നത്. പക്ഷേ 1000 ദിവസം കൊണ്ട് തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. എന്നാല്‍ ഓഖി ചുഴലിക്കാറ്റും പാറയുടെ ലഭ്യത കുറവും നിർമ്മാണത്തിന് തടസ്സമുണ്ടാക്കിയെന്നാണ് മന്ത്രിയുടെ വിശദീകരണം.

വിഴിഞ്ഞം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തമിഴ്നാട്ടില്‍ നിന്നും പാറ കൊണ്ടുവരാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എം.വിൻസന്റിന്റെ ചോദ്യത്തിന് മറുപടിയായാണ് തുറമുഖമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.