തിരുവനന്തപുരം: സിറിയയില്‍ ഐ.എസ് തീവ്രവാദികളുടെ തടവിലായിരുന്ന ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചന ദ്രവ്യമൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് പറഞ്ഞു. ശബ്ദകോലാഹലങ്ങൾക്കാതെ നിശബ്ദമായാണ് വിദേശകാര്യ മന്ത്രാലയം ഫാ.ടോമിന്റെ മോചനത്തിനായി പ്രവർത്തിച്ചതെന്നും ഇപ്പോള്‍ വത്തിക്കാനിലുള്ള ടോം എപ്പോൾ ഇന്ത്യയിൽ വരണമെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും വി.കെ സിങ് പറഞ്ഞു. 

ഫാദര്‍ ടോമിന്റെ മോചനത്തില്‍ സന്തോഷം രേഖപ്പെടുത്തി ഇന്നലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തതല്ലാതെ മറ്റ് പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇന്ന് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വി.കെ സിങ് അവതരിപ്പിച്ചത്. ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കോലാഹലങ്ങളില്ലാതെ വളരെ വൃത്തിയായി വിദേശകാര്യ മന്ത്രാലയം ഈ ജോലി ചെയ്തു തീര്‍ത്തുവെന്നും അവകാശപ്പെട്ടു. മോചന ദ്രവ്യം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. പലതരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ രാജ്യം ഇക്കാര്യത്തില്‍ അവലംബിച്ചുവെന്നും അവ വെളിപ്പെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.